പാരീസ് ഒളിമ്പിക്‌സിലെ വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഇനത്തിൽ അവസാന മത്സരത്തിന് തൊട്ടുമുമ്പ് അയോഗ്യനാക്കപ്പെട്ടതിനെത്തുടർന്ന് ഒളിമ്പിക് സ്വർണ്ണ സ്വപ്നം തകർന്ന ഗുസ്തി താരം വിനേഷ് ഫോഗട്ടിന് പിന്തുണയുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ സൗരവ് ഗാംഗുലി രംഗത്തെത്തി. വിനേഷ് ഫോഗട്ടിന്റെ അയോഗ്യതാവിഷയത്തില്‍ അന്തിമവിധി വരുന്നതിനു മുന്‍പെയാണ് ഗാംഗുലി സ്വന്തം അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്. ഫൈനൽ വരെ പൊരുതിയ വിനേഷ് തൻ്റെ പ്രയത്നത്തിന് ഒരു വെള്ളി മെഡലെങ്കിലും അർഹിക്കുന്നുണ്ടെന്ന് ഗാംഗുലി പറഞ്ഞു. കൊൽക്കത്ത ഫുഡ് ഫെസ്റ്റിവലിൽ സംസാരിക്കവെയാണ് വിനേഷിനെ അയോഗ്യനാക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ ഗാംഗുലി തൻ്റെ അഭിപ്രായം വ്യക്തമാക്കിയത്.
വിനേഷിൻ്റെ അയോഗ്യതയ്‌ക്ക് ശേഷം ഫൈനലിലേക്ക് അവസരം ലഭിച്ച ക്യൂബൻ ഗുസ്തി താരം യൂസ്‌നെലിസ് ഗുസ്‌മാൻ ലോപ്പസിനൊപ്പം തനിക്ക് ഒരു സംയുക്ത വെള്ളി മെഡൽ നൽകണമെന്ന് അഭ്യർത്ഥിച്ച് വിനേഷ് സ്‌പോർട്‌സ് കോടതിയെ സമീപിച്ചിരിക്കുകയാണ്.
“എനിക്ക് കൃത്യമായ നിയമം അറിയില്ല, പക്ഷേ അവർ ഫൈനലിൽ എത്തിയപ്പോൾ അത് ശരിയായ യോഗ്യത നേടിയിട്ടായിരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. അതിനാൽ നിങ്ങൾ ഫൈനലിലേക്ക് പോകുമ്പോൾ സ്വർണ്ണമോ വെള്ളിയോ ഉറപ്പാണ്. അവരെ തെറ്റായി അയോഗ്യയാക്കപ്പെട്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല, പക്ഷേ അവർ വെള്ളി മെഡലെങ്കിലും അർഹിക്കുന്നു.”- ഗാംഗുലി പറഞ്ഞു.