കര്‍ണാടകയിലെ ഷിരൂരില്‍ ഗംഗാവലിപ്പുഴയുടെ അടിത്തട്ടില്‍ കിടക്കുന്നുവെന്ന് സംശയിക്കപ്പെടുന്ന ട്രക്കും അത് ഓടിച്ച കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ ഡ്രൈവര്‍ അര്‍ജുനെയും കണ്ടെത്താനുള്ള തിടുക്കം ഇപ്പോള്‍ അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കള്‍ക്കു മാത്രമായി പരിമിതപ്പെടുകയാണോ എന്ന സംശയം ഉയരുന്നു. പുഴയിലെ കനത്ത അടിയൊഴുക്കു മൂലം രണ്ടാഴ്ചയോളം തകൃതിയായി നടന്ന തിരച്ചില്‍ ഏതാനും ദിവസം മുമ്പ് അവസാനിപ്പിച്ചിരുന്നു. തുടര്‍ന്ന് തിരച്ചിലിനായി കേരള സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതു പ്രകാരം തൃശ്ശൂര്‍ മണ്ണുത്തിയില്‍ നിന്നും ഡ്രെഡ്ജര്‍ കൊണ്ടുവരാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ യന്ത്രം തിരച്ചിലിന് അവിടെ ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞതായുള്ള റിപ്പോര്‍ട്ട് നല്‍കിയതോടെ ഇനി എന്ത് എന്ന ചോദ്യം ഉയരുന്നു. തൃശൂർ കാർഷിക സർവകലാശാലയുടെ ഡ്രജർ എത്തിക്കേണ്ടെന്നാണ് തീരുമാനം. യന്ത്രം എത്തിച്ചാലും പുഴയിലെ ചെളിയും ഒഴുക്കും കാരണം പ്രവർത്തിപ്പിക്കാനാകില്ല എന്നാണ് സ്ഥലം സന്ദർശിച്ച സമിതി തൃശൂർ ജില്ലാ ഭരണകൂടത്തിന് നൽകിയ റിപ്പോർട്ട്.
അമാവാസി നാളില്‍ പുഴയിലെ നീരൊഴുക്ക് കുറയുമെന്നും അപ്പോള്‍ പുഴയിലിറങ്ങി തിരയാമെന്നും ആയിരുന്നു തിരച്ചില്‍ താല്‍ക്കാലികമായി അവസാനിപ്പിക്കുമ്പോള്‍ കര്‍ണാടക സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. കറുത്തവാവായ ഇന്ന് ശനിയാഴ്ച ഇത് സാധ്യമാകുമോ എന്നതിന് വിശ്വാസത്തിന്റെ പിന്‍ബലമല്ലാതെ മറ്റൊരു ശാസ്ത്രീയ യുക്തിയും ഇല്ല.
നേരത്തെ ഈശ്വര്‍ മല്‍പെ എന്ന മല്‍സ്യത്തൊഴിലാളി പല ദിവസങ്ങള്‍ പുഴയില്‍ തിരച്ചില്‍ നടത്തി പിന്‍മാറിയിരുന്നു. ഇന്ന് അമാവാസി നാളിൽ വേലിയിറക്കത്തിൽ പുഴയിലെ വെള്ളം കുറയുമെന്നും ഇറങ്ങാൻ സന്നദ്ധനാണെന്നും പ്രാദേശിക മത്സ്യത്തൊഴിലാളി ഈശ്വർ മൽപെ അറിയിച്ചതായി അർജുന്റെ സഹോദരീഭർത്താവ് ജിതിൻ പറഞ്ഞു. മൂന്ന് മണിക്കൂറോളം പുഴയിൽ വെള്ളം കുറയുമെന്നാണു കരുതുന്നത്. അർജുന്റെ ബന്ധുക്കൾ ഇന്ന് രാവിലെ ഷിരൂരിലെത്തും.
ഷിരൂരില്‍ മണ്ണിടിഞ്ഞ് ദുരന്തസ്ഥലമായി മാറിയിരുന്ന കാര്‍വാര്‍ ദേശീയ പാതയിലൂടെയുള്ള ഗതാഗതം ഇപ്പോള്‍ പൂര്‍ണമായും പുനസ്ഥാപിക്കുകയും ചെയ്തു കഴിഞ്ഞതോടെ പുഴയില്‍ മണ്ണിനടിയില്‍ കിടക്കുകയാണെന്നു കരുതുന്ന ട്രക്ക്, കാണാതായിരിക്കുന്ന ഡ്രൈവര്‍ അര്‍ജുന്‍ എന്നിവര്‍ക്കായുള്ള തിരച്ചിലിനും ഊര്‍ജ്ജം നഷ്ടപ്പെട്ടു കഴിഞ്ഞു. വയനാട്ടിലെ വലിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തോടെ മലയാള മാധ്യമങ്ങളുടെയും വാര്‍ത്തകളില്‍ നിന്നും ഷിരൂര്‍ ദുരന്തം ഏകദേശം മാഞ്ഞു കഴിഞ്ഞു.