ബംഗ്ലാദേശിൽ നിന്നും പലായനം ചെയ്ത പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കഴിഞ്ഞ ഒരു ദിവസമായി ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ ഹിൻഡൺ എയർഫോഴ്‌സ് സ്റ്റേഷനിൽ കഴിയുന്ന സാഹചര്യത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി . തിങ്കളാഴ്ച ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്ത ഹസീന ഇന്ത്യയിലെത്തിയെന്നും ഇപ്പോൾ ഹിൻഡൺ എയർബേസിലെ ഗസ്റ്റ് ഹൗസിലാണെന്നും കേന്ദ്ര സർക്കാർ ഔദ്യോഗികമായി അറിയിച്ചു. എയർബേസിന് പുറത്ത് ഗാസിയാബാദ് പോലീസ് കർശന നിരീക്ഷണത്തിലാണ്. എയർബേസിനുള്ളിലെ സുരക്ഷ ഇന്ത്യൻ എയർഫോഴ്‌സ് പരിപാലിക്കുന്നു.
കര,വ്യോമാതിർത്തികൾ പൂർണ്ണമായും സുരക്ഷിതമാണ്. വായുസേനാ ഹെലികോപ്റ്ററുകൾ ആകാശ നിരീക്ഷണം നടത്തുന്നുണ്ട്. ഹസീനയെ ഇന്ത്യയിലെത്തിച്ചയാത്രാ വിമാനം സി -130 ജെ ഹിൻഡൺ എയർ ബേസിൽ നിന്ന് ഏഴ് സൈനിക ഉദ്യോഗസ്ഥരുമായി ബംഗ്ലാദേശിലെ താവളത്തിലേക്ക് തിരികെ പോയി.
പാർലമെൻ്റിൽ ചേർന്ന സർവകക്ഷി യോഗത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ബംഗ്ലാദേശിലെ നിലവിലെ സ്ഥിതിഗതികൾ രാഷ്ട്രീയ നേതാക്കളെ ധരിപ്പിച്ചു. ബംഗ്ലാദേശിലെ ഇന്ത്യൻ സമൂഹവുമായി കേന്ദ്രം നിരന്തര ബന്ധത്തിലാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. ബംഗ്ലാദേശിൽ ഏകദേശം 19,000 ഇന്ത്യൻ പൗരന്മാരുണ്ടെന്ന് കണക്കാക്കപ്പെടുന്നു, അതിൽ 9,000 വിദ്യാർത്ഥികളാണ്. ഭൂരിഭാഗം വിദ്യാർത്ഥികളും ജൂലൈ മാസത്തിൽ തന്നെ ഇന്ത്യയിലേക്ക് മടങ്ങിയതായി മന്ത്രി രാജ്യസഭയെ അറിയിച്ചു.
ന്യൂനപക്ഷങ്ങൾക്കും അവരുടെ വ്യാപാര സ്ഥാപനങ്ങൾക്കും ക്ഷേത്രങ്ങൾക്കും നേരെ ഒന്നിലധികം സ്ഥലങ്ങളിൽ നടക്കുന്ന ആക്രമണങ്ങളിൽ ജയശങ്കർ ആശങ്ക പ്രകടിപ്പിച്ചു. ഇതിൻ്റെ പൂർണ്ണ വ്യാപ്തി ഇപ്പോഴും വ്യക്തമല്ല. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് വരാൻ പെട്ടന്നുള്ള അനുമതിക്ക് അഭ്യർത്ഥിച്ചതായും ബംഗ്ലാദേശ് അധികൃതരിൽ നിന്ന് ഫ്ലൈറ്റ് ക്ലിയറൻസിനായി അപേക്ഷ ലഭിച്ചതായും അതിന്റെ അടിസ്ഥാനത്തിലാണ് . തിങ്കളാഴ്ച വൈകുന്നേരം ഷെയ്ഖ് ഹസീന ഇന്ത്യയിൽ എത്തിയതെന്നും മന്ത്രി പാർലമെന്റിനെ അറിയിച്ചു.