ഭരണത്തിനെതിരായ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ക്കിടയില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന രാജിവെച്ച് രാജ്യം വിട്ടു. ഇന്ത്യയിലെ ഗാസിയാബാദില്‍ വിമാനമിറങ്ങിയ ശേഷമാണ് അവര്‍ ലണ്ടനിലേക്കാണെന്നു പറയുന്നു, പറന്നത്. തിങ്കളാഴ്ച വൈകുന്നേരം ജനക്കൂട്ടം പ്രധാനമന്ത്രിയുടെ കൊട്ടാരത്തിലേക്ക് കടന്നതോടെ ഹസീന ഹെലികോപ്റ്ററിൽ രാജ്യം വിട്ടു.
ഹസീന രാജ്യം വിട്ടതോടെ പട്ടാളം ഭരണമേറ്റെടുക്കുന്നതായി സൂചന വന്നിട്ടുണ്ട്.
ബംഗ്ലാദേശ് ആര്‍മി ചീഫ് ജനറല്‍ വക്കര്‍ ഉസ് സമാന്‍ ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തില്‍, ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രസിഡണ്ട് മുഹമ്മദ് ഷഹാബുദ്ദീനുമായി ചർച്ച നടത്തുമെന്ന് അറിയിച്ചത് നിർണായക ചുവടുവെപ്പാണ്.
സ്വാതന്ത്ര്യ സമര സേനാനികളുടെ പിൻഗാമികൾക്ക് സർക്കാർ ജോലികളിൽ 30 ശതമാനം സംവരണം പുനഃസ്ഥാപിക്കുന്നതിന് അനുകൂലമായി ബംഗ്ലാദേശ് ഹൈക്കോടതി കഴിഞ്ഞ മാസം വിധിച്ചതോടെയാണ് പ്രതിഷേധം ആരംഭിച്ചത്.
ഉത്തരവ് പിൻവലിക്കാനുള്ള വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വിസമ്മതിച്ചതിനെത്തുടർന്ന്, പ്രതിഷേധം ശക്തമായി, ഇത് പോലീസുമായും സർക്കാർ പിന്തുണയ്ക്കുന്ന ഗ്രൂപ്പുകളുമായും ഏറ്റുമുട്ടലിലേക്ക് നയിച്ചു. ജൂലൈയിൽ നടന്ന പ്രക്ഷോഭത്തിനിടെ 200-ലധികം ആളുകൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഞായറാഴ്ച, രാജ്യത്തെ ക്വാട്ട പരിഷ്‌കാരങ്ങൾക്കെതിരായ വിദ്യാർത്ഥി പ്രതിഷേധത്തിനിടെയുണ്ടായ അക്രമാസക്തമായ ഏറ്റുമുട്ടലിൽ ഭരണ കക്ഷിയായ അവാമി ലീഗിന്റെ അനുഭാവികളും വടികളും കത്തികളും ഉപയോഗിച്ച് പരസ്പരം പോരടിച്ചപ്പോൾ നൂറോളം പേർ കൊല്ലപ്പെട്ടിരുന്നു. ജൂലൈ ആദ്യം പ്രതിഷേധം ആരംഭിച്ചതിനുശേഷം കൊല്ലപ്പെട്ടവരുടെ എണ്ണം 320 ആയി ഉയർന്നു.
എല്ലാ കൊലപാതകങ്ങളും സൈന്യം അന്വേഷിക്കുമെന്നും ഉത്തരവാദികളെ ശിക്ഷിക്കുമെന്നും കരസേനാ മേധാവി സമാൻ വാഗ്ദാനം ചെയ്തു. ” സൈന്യവും പോലീസും ഒരു തരത്തിലുള്ള വെടിവയ്പ്പിലും ഏർപ്പെടരുതെന്ന് ഞാൻ ഉത്തരവിട്ടിട്ടുണ്ട്. ഇപ്പോൾ വിദ്യാർത്ഥികളുടെ കടമ ശാന്തമായിരിക്കുകയും ഞങ്ങളെ സഹായിക്കുകയും ചെയ്യുക എന്നതാണ്.”– അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്ലീങ്ങൾക്ക് പോലും മുസ്ലീം രാജ്യങ്ങൾ സുരക്ഷിതമല്ല – കങ്കണ റണാവത്ത്
ഷെയ്ഖ് ഹസീനയ്ക്ക് ഭാരതത്തിൽ സുരക്ഷിതത്വം തോന്നുന്നു എന്നത് അഭിമാനകരമായ കാര്യമാണെന്ന് ബിജെപി എംപി കങ്കണ റണാവത്ത് പറഞ്ഞു. ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്നുള്ള ബിജെപി എംപിയുമായ റണാവത്ത് “ഹിന്ദു രാഷ്ട്രത്തെ” ചോദ്യം ചെയ്യുന്നവരെ രൂക്ഷമായി വിമർശിച്ചു. മുസ്ലീങ്ങൾക്ക് പോലും മുസ്ലീം രാജ്യങ്ങൾ സുരക്ഷിതമല്ലെന്ന് അവർ അവകാശപ്പെട്ടു.
കൊൽക്കത്ത-ധാക്ക മൈത്രി എക്‌സ്പ്രസ് റദ്ദാക്കി
കൊൽക്കത്ത-ധാക്ക-കൊൽക്കത്ത മൈത്രി എക്‌സ്പ്രസിൻ്റെ സർവീസുകൾ റദ്ദാക്കിയതായി ഈസ്റ്റേൺ റെയിൽവേ അറിയിച്ചു. വലിയ തോതിലുള്ള അക്രമാസക്തമായ പ്രതിഷേധങ്ങളെത്തുടർന്ന് ജൂലൈ 21 മുതൽ കൊൽക്കത്ത-ഖുൽന-കൊൽക്കത്ത ബന്ധൻ എക്‌സ്‌പ്രസിൻ്റെ ദ്വൈവാരിക സർവീസുകൾ റദ്ദാക്കിയിരുന്നു .