കൂടുതൽ പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് സംവരണ വിഭാഗത്തിനുള്ളിൽ ക്വോട്ട അനുവദിക്കുന്നതിന് പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളെ ഉപവർഗ്ഗീകരിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന് ഭൂരിപക്ഷ വിധിയിൽ സുപ്രീം കോടതി. കൂടുതൽ പിന്നോക്ക ജാതിക്കാർക്ക് ക്വാട്ട അനുവദിക്കുന്നത് ഉറപ്പാക്കാൻ എസ്‌സി, എസ്‌ടി വിഭാഗങ്ങളെ സംസ്ഥാനങ്ങൾ ഉപവിഭാഗമാക്കുന്നത് അനുവദിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ച് 6:1 ഭൂരിപക്ഷത്തിൽ വിധിച്ചു.
ആറ് വ്യത്യസ്ത വിധികളാണ് ബെഞ്ച് പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ ബിആർ ഗവായ്, വിക്രം നാഥ്, ബേല എം ത്രിവേദി, പങ്കജ് മിത്തൽ, മനോജ് മിശ്ര, സതീഷ് ചന്ദ്ര ശർമ എന്നിവരാണ് ചീഫ് ജസ്റ്റിസിനൊപ്പം വിധി പ്രസ്താവിച്ച ബെഞ്ചിലെ മറ്റ് ആറ് ജഡ്ജിമാർ. ജസ്റ്റിസ് ചന്ദ്രചൂഡ് തനിക്കും ജസ്റ്റിസ് മിശ്രയ്ക്കും വേണ്ടി വിധി എഴുതിയപ്പോൾ മറ്റ് നാല് ജഡ്ജിമാർ യോജിച്ച വിധിന്യായങ്ങൾ എഴുതി. ജസ്റ്റിസ് ബേല ത്രിവേദി വിയോജന വിധി എഴുതി. അവർ ഭൂരിപക്ഷ വിധിയോട് വിയോജിക്കുകയും ഉപവർഗ്ഗീകരണം അനുവദനീയമല്ലെന്ന് വിധിക്കുകയും ചെയ്തു.

എന്നാല്‍ സംസ്ഥാനങ്ങള്‍ അവരുടെ ഇഷ്ടാനുസരണം ഇങ്ങനെ ഉപവര്‍ഗീകരണം നടത്തുന്നതിനെയും വിധിയില്‍ തടഞ്ഞു. അതിന് വ്യക്തമായ മാനദണ്ഡം പാലിച്ചിരിക്കണം. “സംസ്ഥാനങ്ങൾക്ക് അവരുടെ ഇഷ്ടാനുസൃതമായി പ്രവർത്തിക്കാൻ കഴിയാത്ത തരത്തിൽ കണക്കുകളുടെ അടിസ്ഥാനത്തിലുള്ള പരസ്യപ്പെടുത്തിയ ഡാറ്റ” ഉപയോഗിച്ച് വേണം തീരുമാനം എന്നും ഭൂരിപക്ഷ വിധിയിൽ പറഞ്ഞു.
പട്ടികജാതി/പട്ടികവർഗക്കാരെ ഏകജാതി വിഭാഗങ്ങളായി കണക്കാക്കുന്നതിനാൽ ഉപവർഗ്ഗീകരണം അനുവദനീയമല്ലെന്ന് വിധിച്ച ഇ.വി.ചിന്നയ്യ വേഴ്സസ് സ്റ്റേറ്റ് ഓഫ് ആന്ധ്രാപ്രദേശ് കേസിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ച് 2004-ൽ പുറപ്പെടുവിച്ച വിധി ഭൂരിപക്ഷ വിധി റദ്ദാക്കി.