പുതിയ പാർലമെൻ്റ് മന്ദിരത്തിൻ്റെ ലോബിക്കുള്ളിൽ വെള്ളം ചോരുന്നതായി കാണിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ പ്രതിപക്ഷം വ്യാഴാഴ്ച സർക്കാരിനെതിരെ ആഞ്ഞടിച്ചു. “പുറത്ത് കടലാസ് ചോർച്ച, ഉള്ളിൽ വെള്ളം ചോർച്ച” എന്ന് കോൺഗ്രസ് എംപി മാണിക്കം ടാഗോർ പരിഹസിച്ചു. നീറ്റ് പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നതുമായി ബന്ധിപ്പിച്ചാണ് പരിഹാസം ഉയര്‍ത്തിയിരിക്കുന്നത്.
ലോബിയുടെ മേൽക്കൂരയിൽ നിന്ന് ബക്കറ്റിലേക്ക് വെള്ളം വീഴുന്നതിൻ്റെ വീഡിയോ അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്തു. പാർലമെന്റിന്റെ ലോബിയിലുള്ള ചോർച്ചയാണു വിഡിയോയിൽ കാണുന്നത്. വിഷയം ലോക്‌സഭയിൽ ചർച്ച ചെയ്യുന്നതിനായി അടിയന്തര പ്രമേയത്തിന് നോട്ടീസുംനൽകി. കെട്ടിടം സമഗ്രമായി പരിശോധിക്കാൻ എല്ലാ പാർട്ടികളിൽ നിന്നുമുള്ള എംപിമാർ ഉൾപ്പെടെ ഒരു പ്രത്യേക സമിതി രൂപീകരിക്കണമെന്ന് കോൺഗ്രസ് എംപി ആവശ്യപ്പെട്ടു.
ചോർച്ചയുടെ വിഡിയോ സഹിതം അഖിലേഷ് യാദവ് എക്സിൽ കുറിപ്പിട്ടു. ഈ മൺസൂൺ കാല സമ്മേളനത്തിന്റെ ബാക്കി പഴയ പാർലമെന്റ് മന്ദിരത്തിലേക്കു മാറ്റണമെന്ന ‘നിർദേശവും’ അഖിലേഷ് ഉയർത്തിയിട്ടുണ്ട്. ‘‘പഴയ പാർലമെന്റ് മന്ദിരം ഇതിലും മികച്ചതായിരുന്നു. പഴയ എംപിമാർക്കു വന്നു കാണാനും സംസാരിക്കാനും പറ്റും. എന്തുകൊണ്ടു നമുക്കു പഴയ പാർലമെന്റിലേക്കു തിരിച്ചുപൊയ്ക്കൂടാ. ശതകോടികൾ ചെലവഴിച്ചു നിർമിച്ച ഈ മന്ദിരത്തിലെ ‘വെള്ളം ഇറ്റുവീഴുന്ന പദ്ധതി’ കഴിയുന്നതുവരെ നമുക്ക് അവിടെ സമ്മേളനം നടത്താം.”- അഖിലേഷ് യാദവ് എഴുതി.
വിഷയം ചൂട് പിടിച്ചതോടെ സർക്കാർ രംഗത്ത് വന്നു. പാർലമെൻ്റ് മന്ദിരത്തിൽ ചെറിയ തോതിൽ വെള്ളം ചോർച്ചയുണ്ടായെന്നും ഉടൻ തന്നെ തിരുത്തൽ നടപടികൾ സ്വീകരിച്ചതായും ലോക്‌സഭാ സെക്രട്ടേറിയറ്റ് അറിയിച്ചു. നിരവധി പ്രതിപക്ഷ അംഗങ്ങൾ പുതിയ പാർലമെൻ്റ് കെട്ടിടത്തിൻ്റെ മേൽക്കൂര ചോർന്നതിൻ്റെ വീഡിയോകൾ പങ്കിടുകയും ഘടനയുടെ കാലാവസ്ഥാ പ്രതിരോധത്തെ ചോദ്യം ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് പ്രസ്താവന വന്നത്.
ബുധനാഴ്ച പെയ്ത കനത്ത മഴയിൽ, കെട്ടിടത്തിൻ്റെ ലോബിക്ക് മുകളിലുള്ള ഗ്ലാസ് ഡോമുകൾ ശരിയാക്കാൻ ഉപയോഗിച്ച പശ സാമഗ്രികൾ ചെറുതായിഇളകിയതു കാരണം , ലോബിയിൽ ചെറിയ തോതിൽ വെള്ളം ചോരാൻ കാരണമായി.”- ലോക്‌സഭാ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. തകരാർ കൃത്യസമയത്ത് കണ്ടെത്തിയതായും തിരുത്തൽ നടപടികൾ ഉടനടി സ്വീകരിച്ചതായും പ്രസ്താവന പറയുന്നു.