ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഒരു ഭാഗവും സര്‍ക്കാര്‍ വെട്ടി മാറ്റി പൂഴ്ത്തി വെച്ചിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സര്‍ക്കാരിന്റെ ഒരു തരത്തിലുള്ള കൈകടത്തലും ഉണ്ടായിട്ടില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. ഏതെങ്കിലും ഭാഗം അങ്ങനെ വന്നില്ലായെങ്കില്‍ അത് വാങ്ങാനുള്ള നിയമപരമായ എല്ലാ അവകാശവുമുണ്ടെന്നും ഗോവിന്ദൻ വ്യക്തമാക്കി.
“റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് ഒരു ഭാഗവും വെട്ടിക്കുറച്ച് നല്‍കേണ്ട ഒരു കാര്യവുമില്ല. സിനിമാരംഗത്തെ പലര്‍ക്കെതിരേയും ഉയര്‍ന്നുവന്ന പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഇക്കാര്യത്തില്‍ ഒരു അമാന്തവും പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഇത്തരം കേസുകളില്‍ പോലീസെടുത്ത നിലപാടുകൊണ്ടാണല്ലോ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രമുഖ നടന്‍ ഏറെക്കാലം ജയിലില്‍ കഴിയേണ്ടിവന്നത്. പരാതിയുണ്ടെങ്കില്‍ ആവശ്യപ്പെട്ടാല്‍ കൃത്യമായി പരിശോധിക്കാന്‍ സാധിക്കും. അതുകൊണ്ട് ഏതെങ്കിലും ഒരു ഭാഗം കൊടുക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായിട്ട് അതിങ്ങനെ മാറ്റിവെക്കപ്പെട്ടിരിക്കുന്നു എന്നുള്ള സംശയം ഉണ്ടാവേണ്ടതില്ലെന്നും ഏതെങ്കിലും ഭാഗം അങ്ങനെ വന്നില്ലായെങ്കില്‍ അത് വാങ്ങാനുള്ള നിയമപരമായ എല്ലാ അവകാശവുമുണ്ട്.-എം.വി ഗോവിന്ദന്‍ പറഞ്ഞു
