വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരന്തഭൂമിയായി മാറിയ മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച ജനകീയ തിരച്ചില്‍ നടത്തും. ഈ പ്രദേശങ്ങളിലെ താമസക്കാരില്‍ രക്ഷപ്പെട്ട് ദുരിതാശ്വാസകേന്ദ്രങ്ങളിലും ബന്ധുവീടുകളിലും കഴിയുന്നവരെ ദുരന്തഭൂമിയില്‍ എത്തിച്ച് തങ്ങള്‍ക്ക് നഷ്ടപ്പെട്ടവരുടെ എന്തെങ്കിലും സൂചനകള്‍ ബാക്കിയായിട്ടുണ്ടോ എന്ന് കണ്ടെത്താനായുള്ള ശ്രമമാണ് ജില്ലാഭരണകൂടവും സര്‍ക്കാരും ചേര്‍ന്ന് നടത്താനുദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ദുരിതാശ്വാസ ക്യാംപുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്നവരെ കൂടി ഉള്‍പ്പെടുത്തിയാണ് തെരച്ചില്‍ നടത്തുക. ദുരന്തത്തിന് ഇരകളായവരില്‍ തിരച്ചിലില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവരെ വാഹനങ്ങളില്‍ വീടുകള്‍ നിലനിന്നിരുന്ന സ്ഥലങ്ങളിലെത്തിക്കും. സുരക്ഷാ ഉദ്യോഗസ്ഥരുടെയും മറ്റ് തിരച്ചില്‍ സംഘങ്ങളുടെയും കൂടെയായിരിക്കും ഇവരെ ദുരന്തമുണ്ടായ സ്ഥലങ്ങളിലേക്ക് അയക്കുക. ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളെ ആറു മേഖലകളിലായി തിരിച്ചാണ് തിരച്ചില്‍ നടത്തുക. ഇതിനകം സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ചുള്ള തിരച്ചില്‍ ഇവിടങ്ങളില്‍ നടത്തിയതാണെങ്കിലും ബന്ധുക്കളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് ആരെയെങ്കിലും കണ്ടെത്താനാകുമോ എന്ന അവസാനവട്ട പരിശ്രമമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.- മുഖ്യമന്ത്രി പറഞ്ഞു.