Categories
kerala

സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പത്താം ക്ലാസ്സ് വരെ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. അധ്യാപക സംഘടനകളും വിദ്യാർഥികളുമടക്കമുള്ളവർ നൽകിയ ഹർജി പരിഗണിച്ചുകൊണ്ടാണു ജസ്റ്റിസ് എ.സിയാദ് റഹ്മാന്റെ ഉത്തരവ്. സംസ്ഥാനത്തെ സ്കൂളുകളിൽ 220 പ്രവൃത്തിദിവസങ്ങളാക്കിയ നടപടിക്കെതിരെ അധ്യാപക സംഘടനകൾ അടക്കമുള്ളവർ രംഗത്തുവന്നിരുന്നു. പ്രതിപക്ഷ അധ്യാപക സംഘടനകൾക്കു പുറമെ സിപിഐയുടെ അധ്യാപക സംഘടനയും പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. സിപിഎമ്മിന്റെ സംഘടനയും തങ്ങള്‍ക്കുള്ള എതിർപ്പ് സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയതു നടപ്പാക്കിക്കഴിഞ്ഞെങ്കിലും ഇനി മുതൽ അത് പാടില്ലെന്നും കോടതി വ്യക്തമാക്കി. വിദ്യാഭ്യാസ വിദഗ്ധർ, അധ്യാപക സംഘടനകൾ ഉൾപ്പെടെ എല്ലാം ആലോചിച്ച് പ്രവൃത്തിദിവസങ്ങളുടെ കാര്യത്തിൽ സർ‍ക്കാരിന് ഉചിതമായ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി. 43 ശനിയാഴ്ചകൾ ഉള്ളതിൽ 10 രണ്ടാം ശനിയാഴ്ചകൾ ഒഴിവാക്കിയാൽ ബാക്കിയുള്ള 33 ശനിയാഴ്ചകളിൽ 25 എണ്ണമാണ് പ്രവൃത്തിദിവസങ്ങളാക്കിയിരിക്കുന്നത്. എന്നാൽ ഇത് അധ്യാപകരോടോ അവരുടെ സംഘടനകളോടോ വിദ്യാഭ്യാസ സ്ഥാപനങ്ങളോടോ വിദ്യാർഥികളോടെ ചർച്ച നടത്താതെയാണ് നടപ്പാക്കിയത് എന്ന് കോടതി ചൂണ്ടിക്കാട്ടി. വിദഗ്ധരായവരുടെ അഭിപ്രായം ഇക്കാര്യത്തിൽ കണക്കിലെടുക്കേണ്ടതായിരുന്നു. ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയത് അധ്യാപകരെ ബാധിക്കുന്ന കാര്യമല്ല എന്ന വാദം അംഗീകരിക്കാൻ പറ്റില്ല — കോടതി പറഞ്ഞു.

thepoliticaleditor

കേരള വിദ്യാഭ്യാസ ചട്ടം അനുസരിച്ച് ഒരു അധ്യയന വർഷം 220 പ്ര‌വൃത്തി ദിവസങ്ങൾ വേണമെന്നാണ്. എന്നാൽ കഴിഞ്ഞതിനു മുമ്പത്തെ വർഷം ഇത് 195 ആയിരുന്നു. കഴിഞ്ഞ വർഷം മന്ത്രി വി.ശിവൻകുട്ടിയുടെ നിർദേശപ്രകാരം ഇത് 204 ആക്കി ഉയർത്തി. ഇത്തവണ 210 ദിവസമാക്കാൻ നിർദേശിച്ചെങ്കിലും 204 മതി എന്നായിരുന്നു ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം മേൽനോട്ട സമിതിയുടെ ശുപാർശ. അധ്യാപക സംഘടനകളും 210 ആക്കുന്നതിനോട് എതിർപ്പറിയിച്ചിരുന്നു. എന്നാൽ ചട്ടപ്രകാരമുള്ള അധ്യയന ദിനങ്ങൾ‍ കുറയ്ക്കുന്നതിനെതിരെ ചില സ്കൂളുകൾ ഹൈക്കോടതിയെ സമീപിച്ചു. ഇതിൽ തീരുമാനം ആകാത്തതിൽ കോടതിയലക്ഷ്യ ഹർജിയും വന്നു. ഇതോടെയാണ് സർക്കാർ പെട്ടെന്ന് തന്നെ പ്രവൃത്തി ദിനങ്ങൾ 220 ആക്കി ഉത്തരവ് ഇറക്കിയത്. ഇത് വലിയ പ്രതിഷേധം അധ്യാപകസംഘടനകള്‍ക്കിടയില്‍ വിളിച്ചു വരുത്തി. അവരില്‍ പ്രതിപക്ഷ സംഘടനകള്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടപ്പിക്കുകയും ഭരണപക്ഷ സംഘടനകള്‍ പ്രതീകാത്മക പ്രതിഷേധം നടത്തുകയും ചെയ്തു.

പക്ഷേ രക്ഷിതാക്കളില്‍ നിന്നും സര്‍ക്കാരിന്റെ തീരുമാനത്തോട് വ്യാപകമായ പിന്തുണയാണ് ഉണ്ടായത് എന്നത് ശ്രദ്ധേയമായി. മാത്രമല്ല, പ്രതിഷേധിക്കുന്ന അധ്യാപകരെ പരിഹസിച്ചുകൊണ്ടും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടും സമൂഹമാധ്യമങ്ങളില്‍ രക്ഷിതാക്കളുടെയും പൊതുസമൂഹത്തിലെ വിവിധ വിഭാഗം ജനങ്ങളുടെയും അഭിപ്രായങ്ങള്‍ ഉയരുകയും ചെയ്തു. ഇതോടെ അധ്യാപക സംഘടനകള്‍ ഇക്കാര്യത്തില്‍ അമര്‍ഷം ഉള്ളിലൊതുക്കി പൊതു പ്രതികരണങ്ങളില്‍ നിന്നും പരസ്യ പ്രതിഷേധത്തില്‍ നിന്നും പിന്‍വാങ്ങി.

ശനിയാഴ്ചകൾ പ്രവർത്തി ദിവസമാക്കിയത് ഇതുമായി ബന്ധപ്പെട്ടവരുമായി പരിശോധിക്കാതെയാണെന്നു വ്യക്തമാണ് എന്നാണ് കോടതി നിരീക്ഷിച്ചത്. ധൃതി പിടിച്ചാണ് തീരുമാനം നടപ്പാക്കിയത് എന്ന കാര്യം കോടതി എടുത്തുകാട്ടി. വിദ്യാഭ്യാസ അവകാശ നിയമത്തിലെ കാര്യങ്ങളുമായി ചേർന്നു പോകുന്ന തരത്തിലാണോ പ്രവർത്തി ദിവസം നിശ്ചയിച്ചിരിക്കുന്നത് എന്നതും പരിശോധിക്കപ്പെട്ടിട്ടില്ല. കേരള വിദ്യാഭ്യാസ ചട്ടത്തിൽ (കെഇആർ) 25 ശനിയാഴ്ചകൾ അവധി ദിവസങ്ങളായി നിയമപ്രകാരം പ്രഖ്യാപിച്ചിരിക്കെ അവ പ്രവൃത്തി ദിവസങ്ങളാക്കിയ ഡയറക്ടർ ജനറൽ ഓഫ് എജ്യൂക്കേഷന്റെ നടപടി ആ പദവിയുടെ അധികാരത്തിനു പുറത്താണ്. അത് മാറ്റാനുള്ള അധികാരം നിയമപ്രകാരമുള്ള നടപടി ക്രമങ്ങൾ പാലിച്ച് സംസ്ഥാന സർക്കാരിനു മാത്രമാണെന്നും കോടതി നിരീക്ഷിച്ചു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick