മലയാള സിനിമാ വ്യവസായത്തിൽ തൊഴിൽ ചെയ്യുന്ന നടിമാർ ഉൾപ്പെടെയുള്ള വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് ഇന്ന് പുറത്തു വിടേണ്ടെന്ന് സർക്കാർ തീരുമാനം . റിപ്പോർട്ട് പുറത്തുവിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി ഹൈക്കോടതിയിൽ ഹർജി നൽകിയ സാഹചര്യത്തിലാണ് തീരുമാനം. പുറത്തുവിടുന്ന റിപ്പോർട്ടിൽ സ്വകാര്യതാ ലംഘനമില്ലെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് രഞ്ജിനി കോടതിയെ സമീപിച്ചത്.
ഹേമ കമ്മിറ്റിക്ക് മുന്നിൽ താൻ മൊഴി നൽകിയിട്ടുണ്ടെന്ന് നടി പറയുന്നു. മൊഴി നൽകിയവർക്ക് പകർപ്പ് ലഭ്യമാക്കണം. അവരെ കൂടി ബോദ്ധ്യപ്പെടുത്തിയാകണം റിപ്പോർട്ട് പുറത്തുവിടേണ്ടതെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
ഹർജിയിൽ ഉടൻ ഉത്തരവ് നൽകാൻ കോടതി തയ്യാറായില്ല. തിങ്കളാഴ്ച മാത്രമേ ഹർജി പരിഗണിക്കുമെന്ന് കോടതി അറിയിച്ചിട്ടുണ്ട്. ഇതിന് ശേഷമായിരിക്കും വിഷയത്തിൽ സർക്കാരിന്റെ തീരുമാനം. റിപ്പോർട്ട് പുറത്തുവിടാൻ സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ.എ.അബ്ദുൽ ഹക്കീം ഉത്തരവിട്ടെങ്കിലും റിപ്പോർട്ടിലെ പേജ് 49-ലെ 96-ാം പാരഗ്രാഫും 81 മുതൽ 100 വരെയുള്ള പേജുകളിലെ 165 മുതൽ 196 വരെയുള്ള പാരഗ്രാഫുകളും അനുബന്ധവും പുറത്തുവിടരുതെന്ന് പ്രത്യേകം പറഞ്ഞിരുന്നു.