അടിമുടി മലിനവും ക്രൂരവുമായ സ്ത്രീവിരുദ്ധതയും ലൈംഗിക ചൂഷണവും കൊടികുത്തി വാഴുകയാണ് കേരളത്തിലെ സിനിമാമേഖലയെന്ന് അടിവരയിട്ടു പറഞ്ഞുകൊണ്ട് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ മനസ്സാക്ഷിയെ ഞെട്ടിക്കുന്നു. ലൈംഗിക താല്‍പര്യങ്ങള്‍ക്കു വഴങ്ങുന്നവര്‍ക്കു മാത്രം മികച്ച ഭക്ഷണം സിനിമാസെറ്റില്‍ ലഭിക്കുന്ന അവസ്ഥ പോലും ഉണ്ടെന്നും കാസ്റ്റിങ് ക്രൗച്ചും, രാത്രിയില്‍ വാതില്‍ മുട്ടലും ഇടിക്കലും, ലൈംഗികതയ്ക്ക് വഴങ്ങാത്തവര്‍ക്ക് 17 തവണ വരെ റീടേക്ക് നടത്തി ഉപദ്രവിച്ചുവെന്ന വെളിപ്പെടുത്തലും ഉള്‍പ്പെടെ സിനിമാമേഖലയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ക്രൂരതകള്‍ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. വെറും 51 പേര്‍ മാത്രം മൊഴി നല്‍കിയപ്പോള്‍ വെളിപ്പെട്ട കാര്യങ്ങള്‍ തന്നെ സിനിമയിലെ പുരുഷാധിപത്യത്തിന്റെ ക്രൂരമായ ലോകം വെളിപ്പെടുത്തുന്നു. നടിമാരുടെ വിവരങ്ങൾ കേട്ട് തങ്ങൾക്ക് പോലും വിശ്വസിക്കാൻ സാധിച്ചില്ലെന്നാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കമ്മീഷൻ അംഗങ്ങൾ എഴുതിവച്ചിരിക്കുന്നത്.
അതിക്രമിക്കാൻ ശ്രമിച്ചയാളുടെ ഭാര്യയായി പിറ്റേന്ന് അഭിനയിക്കേണ്ടി വന്നുവെന്ന് ഒരു നടി മൊഴി നൽകിയിട്ടുണ്ട്. ജൂനിയർ ആർട്ടിസ്റ്റുകളെപ്പോലും ചൂഷണം ചെയ്യുന്നു. ചെറിയ പെൺകുട്ടികളെപ്പോലും ഉപദ്രവിക്കുന്നു. ജീവഭയം മൂലമാണ് പരാതി നൽകാത്തത്. സ്ത്രീകളോട് പ്രാകൃത പെരുമാറ്റമാണ്. അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലുമില്ല. പല സെറ്റുകളിലും ടോയ്ലറ്റ് സൗകര്യം പോലുമില്ല. മൂത്രമൊഴിക്കാൻ സൗകര്യമില്ലാത്തതുകൊണ്ട് വെള്ളം കുടിക്കാതെ നിൽക്കും. അവസരം തേടുമ്പോൾ ശരീരം ചോദിക്കുന്നു. നടിമാരുടെ വാതിലിൽ മുട്ടുന്നത് പതിവാണ്. തുറക്കാൻ വിസമ്മതിച്ചാൽ വാതിൽ ശക്തിയായി മുട്ടും. വാതിൽ പൊളിച്ചുവരുമോയെന്ന് നടിമാർക്ക് ഭയം. കുടുംബത്തെ കൂടെക്കൊണ്ടുപോകേണ്ട അവസ്ഥയാണ്. മലയാള സിനിമ നിയന്ത്രിക്കുന്നത് മാഫിയ സംഘമാണെന്നും റിപ്പോർട്ടിൽ പറയുന്നു.