വയനാട് ജില്ലയിൽ ഇന്ന് രാവിലെ ഭൂമിയുടെ ഉള്ളിൽ നിന്നും ഉണ്ടായ മുഴക്കവും പ്രകമ്പനവും ഭൂചലനമല്ലെന്ന് വിദഗ്ദ്ധർ. ഭൂകമ്പമാപിനിയിൽ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ല. നാഷണൽ സീസ്‌മോളജിക്കൽ സെന്ററാണ് ഇക്കാര്യം അറിയിച്ചത്. ഉണ്ടായത് പ്രകമ്പനമാണെന്നും ഇതിന്റെ കാരണം അന്വേഷിക്കുകയാണെന്നും അധികൃതർ പറഞ്ഞു. വൈത്തിരി, സുൽത്താൻ ബത്തേരി താലൂക്കുകളിലാണ് ആദ്യം പ്രകമ്പനം അനുഭവപ്പെട്ടത്. ഉരുൾ പൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശത്തും പ്രകമ്പനം ഉണ്ടായതായി പറയുന്നു. ഭൂമിക്കടിയില്‍ നിന്നും വലിയ മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഏറെ മണിക്കൂറുകള്‍ വയനാട് പരിഭ്രാന്തിയിലായി. ജനങ്ങള്‍ വലിയ ആശങ്കയില്‍ പുറത്തിറങ്ങി നിന്നു.
ഇന്ന് രാവിലെ 10.30-ഓടെയാണ് പലയിടത്തും ഭൂമിക്കടയില്‍ മുഴക്കം കേട്ടത്. ചിലയിടത്ത് ഭൂമികുലുക്കമെന്ന് സംശയിക്കാവുന്ന തരത്തില്‍ പ്രകമ്പനവും ഉണ്ടായി. ബത്തേരിക്കടുത്ത അമ്പലവയൽ കുറിച്യർമല, പിണങ്ങോട് മൂരിക്കാപ്പ്, അമ്പുകുത്തിമല, എടയ്‌ക്കൽ ഗുഹ എന്നിവിടങ്ങളോടു ചേർന്ന പ്രദേശങ്ങളിൽ ചെറിയതോതിൽ ഭൂമികുലുക്കമുണ്ടായതായി നാട്ടുകാർ അറിയിച്ചു. തുടർന്ന് പ്രദേശവാസികളോട് ഒഴിഞ്ഞുപോകാൻ റവന്യു വകുപ്പ് നിർദേശം നൽകി. വില്ലേജ് ഓഫിസർമാരോട് സംഭവസ്ഥലത്തെത്താൻ വൈത്തിരി തഹസിൽദാർ അറിയിച്ചിട്ടുണ്ട്. അമ്പലവയൽ ജിഎൽപി സ്‌കൂളിന് അവധി നൽകി. എടയ്ക്കൽ ഗുഹയ്ക്കു സമീപത്താണ് ഈ സ്‌കൂൾ.
മൂരിക്കാപ്പിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ മേശപ്പുറത്തെ ഗ്ലാസുകൾ താഴെ വീണു. നേന്മേനി വില്ലേജിലെ പാടിപറമ്പ്, അമ്പുകുത്തി, അമ്പലവയൽ ആർഎആർഎസ് പ്രദേശങ്ങളിൽ ഭൂമിക്കടിയിൽനിന്നും മുഴക്കവും നേരിയ കുലുക്കവും അനുഭവപ്പെട്ടു.
വൈത്തിരി താലൂക്കിന് കീഴിൽ പൊഴുതന വില്ലേജിൽ ഉൾപ്പെടുന്ന സുഗന്ധഗിരി പ്രദേശത്തും അച്ചൂരാനം വില്ലേജ് ഉൾപ്പെടുന്ന സേട്ടുകുന്ന് പ്രദേശത്തും വലിയ ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായാണ് പ്രദേശവാസികൾ പറയുന്നത്.
കോഴിക്കോട് ജില്ലയിലും പ്രകമ്പനമുണ്ടായി. കൂടരഞ്ഞിയിലും മുക്കത്തുമാണ് പ്രകമ്പനമുണ്ടായത്. ഒരു മിനിട്ടിനിടെ രണ്ട് തവണയാണ് മുഴക്കമുണ്ടായത്.