വയനാട് ജില്ലയിലെ മേപ്പാടി മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം എന്നിവിടങ്ങളിൽ ഉണ്ടായ വൻ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ച, തിരിച്ചറിയാൻ കഴിയാത്തവർക്ക് പുത്തുമലയിൽ അന്ത്യവിശ്രമം. പുത്തുമലയിൽ മുൻപ് ഉരുൾ പൊട്ടൽ ദുരന്തമുണ്ടായ സ്ഥലത്താണ് കൂട്ട സംസ്കാരത്തിനുള്ള സൗകര്യം ഒരുക്കിയത്. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 369 ആയി ഉയർന്നു. 206 പേരെയാണ് കണ്ടെത്താനുള്ളത്.
ഇന്ന് എട്ട് മൃതദേഹങ്ങൾ ആണ് സംസ്കരിക്കുന്നത്. ഹാരിസൺ പ്ലാന്റേഷൻ ഭൂമിയിൽ അടുത്തടുത്ത് കുഴികളെടുത്താണ് സംസ്കാരം നടത്തുന്നത്. സർവമത പ്രാർത്ഥനയോടെയാണ് സംസ്കാര ചടങ്ങുകൾ നടത്തുക. നിലവിൽ 32 കുഴികൾ ഒരുക്കിയിട്ടുണ്ട്.
ചാലിയാറിലും മുണ്ടേരി ഉൾവനത്തിലും ഇന്ന് നടത്തിയ തെരച്ചിലിൽ ഒരു മൃതദേഹവും ഏഴ് ശരീരഭാഗങ്ങളും കണ്ടെത്തി. ചാലിയാറിൽ നിന്ന് ഇതുവരെ 213 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 74 മൃതദേഹങ്ങളും 139 ശരീരഭാഗങ്ങളും ഇതിൽ ഉൾപ്പെടും. മരിച്ചവരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയുന്നതിനുള്ള ശാസ്ത്രീയ പരിശോധനയ്ക്കായി ബന്ധുക്കളുടെ രക്തസാമ്പിൾ ശേഖരണം തുടങ്ങി.