കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ആഗസ്റ്റ് 17 ന് രാജ്യവ്യാപകമായി 24 മണിക്കൂർ സേവനങ്ങൾ പിൻവലിക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) വ്യാഴാഴ്ച രാത്രി അറിയിച്ചു. സംഘടന പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ആഗസ്റ്റ് 17 രാവിലെ 6 മുതൽ ഓഗസ്റ്റ് 18 രാവിലെ 6 വരെ അവശ്യ സേവനങ്ങൾ ഒഴികെയുള്ള കാര്യങ്ങളിൽ ഡോക്ടർമാരുടെ സേവനങ്ങൾ ലഭ്യമാകില്ല. അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യും. സാധാരണ ഒപി വിഭാഗങ്ങൾ പ്രവർത്തിക്കില്ല. കൂടാതെ നേരത്തെ നിശ്ചയിക്കപ്പെട്ട ശസ്ത്രക്രിയകൾ നടത്തില്ല.
ഇന്നലെ പുലര്‍ച്ചെ ഒരു കൂട്ടം അക്രമികള്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കെതിരെ വ്യാപകമായ അക്രമം അഴിച്ചുവിടുകയും മെഡിക്കല്‍കോളേജാശുപത്രിയുടെ ഒട്ടേറെ വിഭാഗങ്ങള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. ബലാല്‍സംഗക്കേസിലെ തെളിവുകള്‍ നശിപ്പിക്കാനായിരുന്നു ഈ അക്രമമെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പ്രതിയെ രക്ഷിക്കാനായി ചില കേന്ദ്രങ്ങള്‍ ഇടപെടുന്നുവെന്ന ആരോപണവും ശക്തമാണ്. ഒരാള്‍മാത്രമല്ല പ്രതിയെന്നും ആശുപത്രിയിലെ ചില ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്. ഇന്നലെ അഞ്ച് ഡോക്ടര്‍മാരെ സി.ബി.ഐ. ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയിട്ടുണ്ട്. നിലവലില്‍ ആശുപത്രിയിലെ ഒരു സിവിക് വളണ്ടിയര്‍ മാത്രമാണ് പ്രതി. ഇയാള്‍ അറസ്റ്റിലാണ്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നും പ്രതിയെ സംരക്ഷിക്കാന്‍ നീക്കമുണ്ടെന്ന ആരോപണം ഉയര്‍ന്നിരിക്കയാണ്. എന്നാല്‍ ഇത് മുഖ്യമന്ത്രി മമത ബാനര്‍ജി നിഷേധിച്ചു.