ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീന സർക്കാരിനെ തകർത്ത് ബി.എൻ.പിയെ അധികാരത്തിലേറ്റാൻ പാകിസ്ഥാന്റെയും ചൈനയുടെയും ഒത്താശയോടെ ജമാ അത്തെ ഇസ്ലാമിയും അതിന്റെ വിദ്യാർത്ഥി വിഭാഗവും ഗൂഢാലോചന നടത്തിയതായി ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു . സംവരണവിരുദ്ധ പ്രക്ഷോഭത്തെ ആളിക്കത്തിച്ചതിന് പിന്നിൽ ഈ ഗൂഢാലോചനയാണെന്ന് ബംഗ്ലാദേശ് ഇന്റലിജൻസ് വൃത്തങ്ങൾക്ക് വിവരം ലഭിച്ചു. ജമാഅത്ത് ഇ ഇസ്ലാമിയുടെ മാസങ്ങൾ നീണ്ട ആസൂത്രണവും ഇതിലുണ്ട്. പാകിസ്ഥാനിൽ പ്രവർത്തിക്കുന്ന ചൈനീസ് ഏജൻസികളാണ് പ്രക്ഷോഭം നടത്താൻ പണം നൽകിയത്.
ബീഗം ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണൽ പാർട്ടി നേതാക്കളും ഖാലിദയുടെ പുത്രൻ താരീഖ് റഹ്മാനും ഐ.എസ്.ഐ ഉദ്യോഗസ്ഥരും സൗദിയിൽ ചർച്ച നടത്തിയെന്നാണ് ബംഗ്ലാദേശ് ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നത്. പ്രക്ഷോഭം ആളിക്കത്തിക്കാൻ ബംഗ്ലാദേശ് വിരുദ്ധ എക്സ് അക്കൗണ്ടുകളിലൂടെ ഹസീനയ്‌ക്കെതിരെ 500ലേറെ പോസ്റ്റുകളാണ് പ്രചരിച്ചത്. നിരവധി അക്കൗണ്ടുകൾ പാകിസ്ഥാനിൽ നിന്നായിരുന്നു. ഐ.എസ്.ഐ വഴി ചൈനയും കരുക്കൾ നീക്കി. സംവരണത്തിനെതിരായ പ്രതിഷേധം 300പേർ കൊല്ലപ്പെട്ട കലാപമായി വളർത്തി. ഇന്ത്യാ വിരുദ്ധ നിലപാടുള്ള ജമാഅത്ത് ഇ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗമായ ഛാത്ര ശിബിർ പ്രക്ഷോഭം ആളിക്കത്തിച്ചു. വിദ്യാർത്ഥി പ്രക്ഷോഭത്തെ രാഷ്ട്രീയ പ്രസ്ഥാനമാക്കുകയായിരുന്നു ജമാഅത്ത് ഇ ഇസ്ലാമിയുടെ ലക്ഷ്യം. ഹസീനയ്‌ക്കെതിരായി പ്രചരിച്ച വിഡിയോകളിൽ ബഹുഭൂരിപക്ഷവും ഖാലിദയുടെ ബി.എൻ.പി അക്കൗണ്ടുകളൂടെ സൃഷ്ടിച്ചതാണ്. അമേരിക്ക കേന്ദ്രീകരിച്ചുള്ള അക്കൗണ്ടുകളിലൂടെയാണ് ഇതിന് സാങ്കേതിക മികവ് നൽകിയത്.