ഏറ്റവും പുതിയ ഹിൻഡൻബർഗ് റിപ്പോർട്ടിൽ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ചെയർപേഴ്‌സൺ മാധബി പുരി ബച്ചിനെതിരായ ആരോപണങ്ങളിൽ സംയുക്ത പാർലമെൻ്ററി കമ്മിറ്റി (ജെപിസി) അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു . ഓഹരി വിപണിയിൽ നടക്കുന്ന ഇടപാടുകളെക്കുറിച്ച് നിരീക്ഷിക്കുന്ന യുഎസ് ആസ്ഥാനമായ സ്ഥാപനമാണ് ഹിൻഡൻബർഗ്. ഗൗതം അദാനി തന്റെ ഓഹരികളുടെ മൂല്യം കൃത്രിമമായി പെരുപ്പിച്ചു കാണിച്ചു എന്ന 2023 ജനുവരിയിലെ ഹിൻഡൻബർഗ് വെളിപ്പെടുത്തലുകളെത്തുടർന്ന് സെബി അന്വേഷണം നടത്തിയിരുന്നുവെങ്കിലും പ്രധാനമന്ത്രി മോദിയുടെ അടുത്ത അനുയായിയായ അദാനിയെ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാഗ്മൂലത്തിൽ സെബി കുറ്റവിമുക്തമാക്കിയിരുന്നു.
അദാനി പണമിടപാട് അഴിമതിയിൽ ഉപയോഗിച്ച അവ്യക്തമായ ഓഫ്‌ഷോർ ഫണ്ടുകളിൽ സെബി മേധാവി മാധബി പുരിബുച്ചിനും അവരുടെ ഭർത്താവ് ധവൽ ബുച്ചിനും ഓഹരിയുണ്ടെന്ന് യുഎസ് ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗിൻ്റെ ഏറ്റവും പുതിയ റിപ്പോർട്ട് ആരോപിച്ചതോടെ നേരത്തെ നടന്ന കുറ്റവിമുക്തമാക്കൽ സംശയത്തിന്റെ നിഴലിലായി. അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം നടത്തുന്നതിൽ സെബി നിഷ്പക്ഷത പാലിച്ചിട്ടില്ലെന്ന സംശയം പുതിയ ആരോപണത്തോടെ ഉയർന്നിരിക്കയാണ്.
“കഷ്ടപ്പെട്ട് സമ്പാദിച്ച പണം ഓഹരി വിപണിയിൽ നിക്ഷേപിക്കുന്ന ഇടത്തരക്കാരായ ചെറുകിട, ഇടത്തരം നിക്ഷേപകർ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഈ വൻ അഴിമതി അന്വേഷിക്കാൻ സംയുക്ത പാർലമെൻ്ററി സമിതി (ജെപിസി) അന്വേഷണം അനിവാര്യമാണ്.”– കോൺഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.