മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകള്‍ സ്വീകരിക്കുന്നതിനും ദുരന്തഭൂമിയായ മേപ്പാടിയിലെ ജനപദങ്ങളുടെയും വീടുകളുടെയും പുനര്‍നിര്‍മാണ സഹായങ്ങള്‍ സ്വീകരിക്കാനും പുതിയ ക്രമീകരണങ്ങളുമായി സര്‍ക്കാര്‍. ദുരിതാശ്വാസനിധിയുടെ പോര്‍ട്ടലിലൂടെയും യു.പി.ഐ. സംവിധാനം, ഓണ്‍ലൈന്‍ ബാങ്കിങ്, ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡ് എന്നിവയിലൂടെയും പണം നല്‍കാം. സാമൂഹിക മാധ്യമങ്ങളിലൂടെ ക്യൂആര്‍ കോഡ് നല്‍കി സംഭാവന സ്വീകരിക്കാനും ഒരുക്കിയിരുന്നു. എന്നാല്‍ ഇത് ദുരുപയോഗിക്കാനുള്ള സാധ്യതയുണ്ടെന്ന് മനസ്സിലായതിനാല്‍ അത് പിന്‍വലിച്ച് പകരം പോര്‍ട്ടലില്‍ നല്‍കിയ യു.പി.ഐ. ഐ.ഡി. വഴി ഗൂഗിള്‍പേയിലൂടെ സംഭാവന നല്‍കാനുള്ള സംവിധാനം ആണ് ഒരുക്കുകയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
പുനര്‍നിര്‍മാണ സഹായങ്ങള്‍ ഏകോപിപ്പിക്കാനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുകയാണ്. ഹെല്‍പ് ഫോര്‍ വയനാട് സെല്‍ രൂപീകരിക്കും. പ്രത്യേക ഇ.മെയില്‍ ഐ.ഡിയും കോള്‍ സെന്ററും അവിടെക്കായി മാത്രം മൂന്ന് ഫോണ്‍ നമ്പരും തയ്യാറാക്കാനും തീരുമാനമായിട്ടുണ്ട്.
സി എം ഡി ആര്‍ എഫ് സംഭാവനകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ധന വകുപ്പില്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ചുമതല നല്‍കി സംവിധാനം ഒരുക്കും.
സംഭാവന ചെയ്യുന്നതിനായി “ഡൊണേഷന്‍ ഡോട്ട് സിഎംഡിആര്‍എഫ് ഡോട്ട് കേരള ഡോട്ട് ജിഒവി” എന്ന പോര്‍ട്ടലില്‍ ദുരിതാശ്വാസ നിധിയിലുള്ള വിവിധ ബാങ്കുകളുടെ എല്ലാ അക്കൗണ്ട് നമ്പറുകളും നല്‍കിയിട്ടുണ്ട്. പോര്‍ട്ടലില്‍ നല്‍കിയിരിക്കുന്ന നേരിട്ടുള്ള പേയ്മെന്‍റ് സംവിധാനം വഴി വിവരങ്ങള്‍ നല്‍കി ഓണ്‍ലൈന്‍ ബാങ്കിങ്/ ഡെബിറ്റ് /ക്രെഡിറ്റ് കാര്‍ഡുകള്‍, യുപിഐ എന്നിവ വഴിയോ അക്കൗണ്ട് നമ്പര്‍ വഴി നേരിട്ടോ സംഭാവന നല്‍കാം. ഇതിലൂടെ നല്‍കുന്ന സംഭാവനയ്ക്ക് ഉടന്‍ തന്നെ നിങ്ങള്‍ക്ക് റെസീപ്റ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. യുപിഐ വഴിയുള്ള ഇടപാടുകള്‍ക്ക് 48 മണിക്കൂറിനുശേഷമേ റസീപ്റ്റ് ലഭിക്കൂ. ദുരിതാശ്വാസ നിധിയുടെ പോര്‍ട്ടലിലും സോഷ്യല്‍ മീഡിയ വഴിയും വിവിധ അക്കൗണ്ടുകളുടെ യുപിഐ ക്യുആര്‍ കോഡ് നല്‍കിയിരുന്നു. അത് ദുരുപയോഗപ്പെടാനുള്ള സാധ്യത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ക്യു ആര്‍ കോഡ് സംവിധാനം പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പകരം പോര്‍ട്ടലില്‍ നല്‍കിയിട്ടുള്ള യുപിഐ ഐഡി വഴി ഗൂഗിള്‍ പേയിലൂടെ സംഭാവന നല്‍കാം.
സിഎംഡിആര്‍എഫിലേക്കുള്ള പണം അല്ലാതെ വിവിധ ഓഫറുകള്‍ പല മേഖലകളില്‍ നിന്നും വരുന്നുണ്ട്. ഇത് കോ ഓർഡിനേറ്റ് ചെയ്യാന്‍ മുന്‍ വയനാട് കളക്ടര്‍ കൂടിയായ ജോയിന്‍റ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എ ഗീത ഐഎഎസിന് കീഴില്‍ ‘ഹെല്‍പ്പ് ഫോര്‍ വയനാട് സെൽ’ രൂപീകരിക്കും. ദുരന്തത്തില്‍പ്പെട്ടവരുടെ പുനരധിവാസത്തിനായി ഇത്തരം സഹായങ്ങള്‍ നല്‍കാന്‍ തയ്യാറുള്ള ദാതാക്കളുമായി ആശയവിനിമയം നടത്തുന്നതിന് മാത്രമായി ഒരു ഇമെയില്‍ ഐഡി സൃഷ്ടിച്ചിട്ടുണ്ട്. letushelpwayanad @ gmail. com
ഇതുമായി ബന്ധപ്പെട്ട കോളുകള്‍ സ്വീകരിക്കുന്നതിനും മറുപടി നല്‍കുന്നതിനുമായി ഒരു കോള്‍ സെന്‍ററും സ്ഥാപിക്കും. ഈ ആവശ്യത്തിനായി 3 ഫോണ്‍ നമ്പറുകള്‍ നിശ്ചയിച്ചിട്ടുണ്ട്.
അവ ഇവയായിരിക്കും :
9188940013, 9188940014, 9188940015.
ലാന്‍ഡ് റവന്യു കമീഷണറേറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കോള്‍ സെന്‍റര്‍ കൈകാര്യംചെയ്യും.
ചൂരല്‍മലയില്‍ നഷ്ടമായ വീടുകള്‍ക്ക് പകരമായി പുതിയ വീടുകള്‍ നിര്‍മിച്ചു നല്‍കാനും ധനസഹായം നൽകാനും മുന്നോട്ട് വന്നവർ :
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി 100 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അറിയിച്ചിട്ടുണ്ട്. വി.ഡി സതീശന്‍ നേരിട്ട് ചുമതല വഹിക്കുന്ന 25 വീടുകളും ഇതില്‍ ഉള്‍പ്പെടും.
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ 100 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തെ നേരിട്ട് വിളിച്ച് നന്ദി അറിയിച്ചു.
ശോഭ റിയാലിറ്റി ഗ്രൂപ്പ് 50 വീടുകള്‍ നിര്‍മിച്ചു നല്‍കാമെന്ന് അറിയിച്ചു.
കോഴിക്കോട് കേന്ദ്രീകരിച്ചുള്ള വ്യവസായികളുടെ കൂട്ടായ്മയായ ബിസിനസ് ക്ലബ് 50 വീടുകള്‍ നിര്‍മിച്ചു നല്‍കാമെന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ട്.
ലൈബ്രറി കൗണ്‍സിലിന്‍റെ ജീവനക്കാരുടെ രണ്ടു ദിവസത്തെ വേതനവും സംസ്ഥാന, ജില്ല, താലൂക്ക് കൗണ്‍സില്‍ ഭാരവാഹികളുടെ ഓണറേറിയവും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ സിറ്റിംഗ് ഫീസും ലൈബ്രേറിയന്‍മാരുടെ അലവന്‍സില്‍ നിന്നുള്ള വിഹിതവും ഗ്രന്ഥശാലകളുടെ ഗ്രാന്‍റില്‍ നിന്നുള്ള വിഹിതവും ചേര്‍ത്തുള്ള തുകയായ ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറാനും സന്നദ്ധമാണെന്ന് അറിയിച്ചിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണല്‍ സര്‍വ്വീസ് സ്കീം (എന്‍എസ്എസ്) ദുരിത ബാധിത കുടുംബങ്ങള്‍ക്കായി 150 ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുകയോ അല്ലെങ്കില്‍ അതിന്‍റെ തുക സര്‍ക്കാര്‍ നല്‍കുന്നതിനോ സന്നദ്ധമാണെന്ന് അറിയിച്ചിട്ടുണ്ട്.
വേള്‍ഡ് മലയാളി കൗണ്‍സില്‍ 14 വീടുകള്‍ നിര്‍മിച്ചു നല്‍കും.
ഫ്രൂട്ട്സ് വാലി ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി 10 ഏക്കര്‍ ഭൂമിയേറ്റെടുത്ത് കൃഷിയോഗ്യമാക്കി 10 മുതല്‍ 15 വരെ കുടുംബങ്ങള്‍ക്ക് നല്‍കാന്‍ സന്നദ്ധത അറിയിച്ചു.
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ ദുരിത ബാധിതര്‍ക്ക് വീടുകള്‍ വെച്ചുനല്‍കാന്‍ സന്നദ്ധത അറിയിച്ചു. രക്ഷാപ്രവര്‍ത്തനം തീരുന്ന മുറക്ക് മതിയായ ഭൂമി ലഭ്യമാകുന്നതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാമെന്നാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത്.
കോട്ടക്കല്‍ ആര്യവൈദ്യശാല 10 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് അറിയിച്ചു.
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കി.
ലിന്‍ഡെ സൗത്ത് ഏഷ്യ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 20 ലക്ഷം രൂപ നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്.
കോഴിക്കോട് കാപ്പാട് നിന്നുമുള്ള യൂസുഫ് പുരയില്‍ തന്‍റെ അഞ്ച് സെന്‍റ് സ്ഥലം ദുരിതബാധിതര്‍ക്ക് വീട് വെച്ച് നല്‍കാനായി വിട്ടുനല്കാമെന്ന് അറിയിച്ചിരിക്കുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പ്രവാസ ലോകത്ത് നിന്നും ചലചിത്ര മേഖലയില്‍ നിന്നും ഉണ്ടാകുന്ന സഹായ സന്നദ്ധത പ്രത്യേകം എടുത്ത് പറയേണ്ടതാണ്. പ്രമുഖ ചലചിത്രതാരങ്ങള്‍ നല്‍കിയ സഹായം ഇന്നലെ തന്നെ നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിനു പുറമെ ചലചിത്ര താരം നയന്‍താര 20 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. സിനിമാ നടന്‍ അലന്‍സിയര്‍ 50,000 രൂപയും നല്‍കിയിട്ടുണ്ട്.
കിംസ് ഹോസ്പിറ്റൽ ഒരു കോടി രൂപ നൽകി.
പോത്തീസ് റീട്ടെയിൽ പ്രൈവറ്റ് ലിമിറ്റഡ് – 50 ലക്ഷം രൂപ