ദേശീയ ദുരന്തഭൂമിയായി മാറിയ വയനാട്ടിലെ മേപ്പാടിയില്‍ ‘പോസിറ്റീവ് ആയി’ ഇടപെട്ടതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രസ്താവനയില്‍ മാധ്യമങ്ങളെ വാനോളം അഭിനന്ദിച്ചു. മാധ്യമങ്ങള്‍ക്കെതിരെ മിക്കപ്പോഴും അതിരൂക്ഷവിമര്‍ശനം അഴിച്ചുവിടാറുള്ള മുഖ്യമന്ത്രിയുടെ പുതിയ സ്വരം വാര്‍ത്താ സമ്മേളനത്തിലെ പുതുമയായി മാറി. വയനാടിന്റെ പുനര്‍നിര്‍മാണത്തിന്റെ നേതൃസ്ഥാനത്തു തന്നെ മാധ്യമങ്ങളുടെ സാന്നിധ്യം തുടര്‍ന്നും ഉണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിക്കുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവനകള്‍ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലും പ്രതിപക്ഷ പാര്‍ടിയായ കോണ്‍ഗ്രസില്‍ നിന്നും വലിയ വിമര്‍ശനങ്ങളും കമന്റുകളും വന്നതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ‘പോസിറ്റീവ്’ കമന്റ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെക്കുറിച്ചുള്ള പരിഹാസങ്ങളും ട്രോളുകളും മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നില്ല. ഈ പോസിറ്റീവായിരിക്കാം മുഖ്യമന്ത്രിക്ക് ഇഷ്ടമായതെന്ന് കരുതപ്പെടുന്നു.
“മാധ്യമങ്ങള്‍ ഇതിനോടെല്ലാം ഏറ്റവും പോസിറ്റിവായി സഹകരിക്കുന്നത് അഭിനന്ദനാര്‍ഹമാണ്. വയനാടിന്‍റെ പുനര്‍നിര്‍മ്മാണത്തിന്‍റെ നേതൃസ്ഥാനത്തു തന്നെ മാധ്യമസാന്നിധ്യം തുടര്‍ന്നും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.”- മുഖ്യമന്ത്രി ഇന്നത്തെ വാർത്താ സമ്മേളന പ്രസ്താവനയിൽ പറഞ്ഞു.