1944 മാർച്ച് ഒന്നിന് കൊൽക്കത്തയിൽ ജനിച്ച ബുദ്ധദേവ് ഭട്ടാചാര്യ 1966 ലാണ് സി പി എമ്മിൽ ചേരുന്നത്. 1977ൽ ആദ്യമായി കൊസിപൂരിൽ നിന്ന് നിയമസഭയിലെത്തി. 85 കേന്ദ്ര കമ്മിറ്റിയംഗവും രണ്ട് വർഷത്തിനിപ്പുറം മന്ത്രിക്കസേരയിലുമെത്തി.ആദ്യ തവണ മുഖ്യമന്ത്രിയായപ്പോൾ പശ്ചിമ ബംഗാളിൽ ഉടനീളം വ്യാവസായിക വളർച്ചയ്ക്കും ഐ ടി മേഖലയ്ക്കും പ്രചോദനം നൽകുന്ന നിരവധി പരിഷ്‌കാരങ്ങൾ ഭട്ടാചാര്യയുടെ ഭാഗത്തുനിന്നുണ്ടായി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ബംഗാളിലെ ഐ ടി മേഖല 2001നും 2005നും ഇടയിൽ 70 ശതമാനം വളർച്ച കൈവരിച്ചു.
രണ്ടാം തവണ മുഖ്യമന്ത്രി കസേരയിലെത്തിയപ്പോൾ വ്യവസായവൽക്കരണത്തിനായുള്ള ഭട്ടാചാര്യയുടെ പ്രവർത്തനങ്ങൾക്ക് തിരിച്ചടികൾ നേരിട്ടു. നന്ദിഗ്രാമിൽ നിന്ന് കെമിക്കൽ ഹബ്ബിനെതിരെ പ്രതിഷേധമുയർന്നു. സംസ്ഥാന സർക്കാരിന് വലിയ എതിർപ്പ് നേരിടേണ്ടി വന്നു. ഇതുമായി ബന്ധപ്പെട്ട് 2007 മാർച്ച് 14 ന് നടന്ന പൊലീസ് വെടിവെപ്പിൽ 14 പ്രതിഷേധക്കാർ മരിച്ചു. ഇതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായി.
സിംഗൂരിൽ വ്യവസായി രത്തൻ ടാറ്റയുടെ നാനോ കാർ പദ്ധതിയും ഭൂമി ഏറ്റെടുക്കൽ പ്രശ്നങ്ങൾ കാരണം ഇല്ലാതായി. പശ്ചിമ ബംഗാളിൽ സി പി എമ്മിന്റെ ആധിപത്യം കുറയാൻ ഈ സംഭവങ്ങൾ കാരണമായി. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് 184 സീറ്റുകൾ നേടി, സിപിഎമ്മിന് 40 സീറ്റാണ് ലഭിച്ചത്.