വന്ദേഭാരത് എക്സ്പ്രസ്സിൽ സ്പീക്കർ ഷംസീറിനൊപ്പം “അനധികൃതമായി” യാത്ര ചെയ്ത സുഹൃത്തിനെ ചോദ്യം ചെയ്‌തതിന് ടിടിഇക്കെതിരെ ആദ്യം റെയിൽവേ നടപടിയെടുത്തെങ്കിലും പ്രതിഷേധത്തെത്തുടർന്ന് പിൻവലിച്ചു . ചീഫ് ടിടിഇ ജി.എസ് പത്മകുമാറിനെതിരെ തിരുവനനന്തപുരം റെയിൽവെ ഡിവിഷണൽ മാനേജരാണ് നടപടിയെടുത്തത്. കൃത്യമായി ജോലി ചെയ്തതിന് ശിക്ഷ നൽകിയെന്ന് പരാതിപ്പെട്ട് ചീഫ് പത്മകുമാറിനെ പിന്തുണച്ച് റെയിൽവെ ജീവനക്കാരുടെ സംഘടന എസ്ആർഎംയു രംഗത്ത് വന്നതോടെയാണ് റയിൽവെയുടെ പിന്മാറ്റം. തന്നോട് അപമര്യാദയായി പെരുമാറിയെന്ന സ്പീക്കർ എഎൻ ഷംസീറിന്റെ പരാതിയിലാണ് പത്മകുമാറിനെ വന്ദേഭാരതിൽ നിന്ന് മാറ്റാൻ തീരുമാനിച്ചത്. അതിലേക്കു നയിച്ച സംഭവം ഇങ്ങനെയാണ് : വെള്ളിയാഴ്ച കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന വന്ദേ ഭാരത് എക്‌സ്പ്രസിലാണ് സംഭവം. സ്പീക്കർ എഎൻ ഷംസീറിനൊപ്പം സുഹൃത്തായ ഗണേഷ് എന്നയാളും ട്രെയിനിൽ ഉണ്ടായിരുന്നു. ഗണേഷിന്റെ പക്കൽ ചെയർ കാർ ടിക്കറ്റാണ് ഉണ്ടായിരുന്നത്. എക്സിക്യുട്ടീവ് കോച്ചിലാണ് ഷംസീറിന്റെ ടിക്കറ്റ്. ഇതേ കോച്ചിൽ ഗണേഷും യാത്ര ചെയ്തു. തൃശ്ശൂരിലെത്തിയപ്പോൾ ഗണേഷിനോട് ചെയർ കാറിലേക്ക് മാറാൻ ടിടിഇ നിർദ്ദേശിച്ചു. എന്നാൽ ഗണേഷ് തയ്യാറായില്ലെന്ന് പറയപ്പെടുന്നു. എക്സിക്യുട്ടീവ് കോച്ചിലേക്ക് ടിക്കറ്റ് പുതുക്കിയെടുക്കണമെന്ന ആവശ്യവും അംഗീകരിച്ചില്ല. കോട്ടയത്ത് എത്തിയപ്പോഴും ഗണേഷിനോട് കോച്ച് മാറാൻ ടിടിഇ ആവശ്യപ്പെട്ടതായി പറയുന്നു.. ഇതോടെ ഗണേഷും ടിടിഇയും തമ്മിൽ വാക്കേറ്റമുണ്ടായി.ടിടിഇ രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ച് എഎൻ ഷംസീറും തർക്കത്തിൽ ഇടപെട്ടുവത്രെ. പത്മകുമാർ മോശമായി പെരുമാറിയെന്നും സ്പീക്കറാണെന്ന് പറഞ്ഞിട്ടും പദവിയെ പോലും ബഹുമാനിക്കാൻ തയ്യാറായില്ലെന്നുമാണ് സ്പീക്കറുടെ ഓഫീസ് മാധ്യമങ്ങളോട് വിശദീകരിക്കുന്നത്.
എന്നാല്‍ ശരിയായ ടിക്കറ്റ് സഹിതമല്ലാതെ, സ്പീക്കറുടെ സുഹൃത്ത് എന്ന പ്രിവിലേജ് ഉപയോഗിച്ച് യാത്ര ചെയ്തത് അംഗീകരിക്കാനാവില്ലെന്നാണ് പത്മകുമാറിനെ പിന്തുണച്ച് രംഗത്തു വന്നവര്‍ പറയുന്നത്. സ്പീക്കറുടെ പദവി ദുരുപയോഗം ചെയ്താണ് സുഹൃത്ത് താഴ്ന്ന ക്ലാസിലെ ടിക്കറ്റുമായി ഉയര്‍ന്ന ക്ലാസില്‍ ഇരുന്നത്. ഇത് നിയമപ്രകാരം അനുവദനീയമല്ല. എന്നാല്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും ശരിയായ ഇരിപ്പിടത്തിലേക്കു പോകാന്‍ സ്പീക്കറുടെ സുഹൃത്തായ ഗണേശ് തയ്യാറായില്ല എന്നും നിയമപ്രകാരം നടപടിയെടുക്കാന്‍ കഴിയാത്ത സാഹചര്യമാണിതെന്നും ടി.ടി.ഇ.യെ അനുകൂലിക്കുന്നവര്‍ പറയുന്നു.