വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ കടുത്ത മണ്ണിടിച്ചിലിൽ മരണമടഞ്ഞവരുടെ എണ്ണം 205 ആയി. 225 പേരെ കാണാതായെന്നാണ് ഔദ്യോഗിക കണക്ക്. റവന്യൂ വകുപ്പാണ് കണക്ക് പുറത്തുവിട്ടത്. 191 പേരാണ് ചികിത്സയിലുള്ളത്. മുണ്ടക്കൈ ഗ്രാമത്തെയൊന്നാകെ ഉരുൾ ഇല്ലാതെയാക്കി. ഇന്ന് പുലർച്ചെ മുതൽ പ്രദേശത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ചൂരൽമല മുതൽ മുണ്ടക്കൈ വരെയുള്ള പ്രദേശങ്ങളിൽ അടിയന്തര ഘട്ടത്തിൽ രക്ഷാപ്രവർത്തനത്തിന് എത്താൻ പോലും സാധിക്കാത്ത സാഹചര്യമാണ്.
മുണ്ടക്കൈയിലെത്തിയ മന്ത്രിമാരോട് പ്രദേശവാസികൾ കയർത്തു. മേപ്പാടിയിൽ നിന്ന് ദുരന്ത സ്ഥലത്തേക്ക് വാഹനങ്ങൾ കയറ്റുന്നില്ലെന്ന് ആരോപിച്ചാണ് വാക്കേറ്റമുണ്ടായത്. മന്ത്രിമാരായ വി.ശിവൻകുട്ടി, വി.അബ്ദുറഹിമാൻ, എ.കെ. ശശീന്ദ്രൻ എന്നിവരോടാണ് പ്രദേശവാസികൾ കയർത്തത്. ഭക്ഷണവണ്ടികൾ ഉൾപ്പെടെ പൊലീസ് തടഞ്ഞുവെന്നാരോപിച്ചായിരുന്നു വാക്കേറ്റം. ഉദ്യോഗസ്ഥരുടേതടക്കം നിരവധി പേരുടെ വാഹനങ്ങൾ ഇവിടേക്കുള്ള വഴിയിൽ തന്നെയാണ് പാർക്ക് ചെയ്‌തിരിക്കുന്നത്. ഇങ്ങനെ വാഹനം പാർക്ക് ചെയ്യരുതെന്ന് ജില്ലാ കളക്‌ടർ ഡി.ആർ മേഘശ്രീ അഭ്യർത്ഥിച്ചു.
മുണ്ടക്കൈയിൽ ആകെ അവശേഷിക്കുന്നത് 30 വീടുകൾ മാത്രമാണ്. 500ഓളം വീടുകളാണ് ദുരന്തപ്രദേശത്ത് ഉണ്ടായിരുന്നത്. 7000ലധികം പേർ ദുരിതാശ്വാസ കേന്ദ്രങ്ങളിലുണ്ട്. വീടുകൾക്കൊപ്പം ലയങ്ങളും തകർന്നുപോയിട്ടുണ്ട്. താൽക്കാലിക പാലം നിർമ്മിക്കാൻ ആവശ്യമായ വസ്‌തുക്കളുമായി വ്യോമസേന വിമാനം കണ്ണൂർ വിമാനത്താവളത്തിൽ എത്തി. ജനങ്ങളെ രക്ഷിക്കാനും രക്ഷാപ്രവർത്തനം നടത്താനും വലിയ വാഹനങ്ങൾ കടക്കണമെങ്കിൽ പാലം പണി പൂർത്തിയാക്കണം. ബെയ്‌ലി പാലം പണി നാളെ മാത്രമേ പണി പൂർത്തീകരിക്കാനാകൂ എന്ന് ചീഫ് സെക്രട്ടറി വി .വേണു പറഞ്ഞു.