Categories
latest news

ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിൻ്റെ നേതാവ് ലോകത്തിലെ ഏറ്റവും രക്തദാഹിയായ കുറ്റവാളിയെ കെട്ടിപ്പിടിക്കുന്നത് കാണുന്നത് വലിയ നിരാശ- മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സെലന്‍സ്‌കി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യുക്രേനിയന്‍ പ്രസിഡണ്ട് വ്‌ളാഡിമിര്‍ സെലന്‍സ്‌കി. കീവിലെ കുട്ടികളുടെ ആശുപത്രിയിലേക്ക് റഷ്യൻ മിസൈൽ പതിച്ച അതേ ദിവസം തന്നെ നടന്ന റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡിമിര്‍ പുടിനുമായുള്ള മോദിയുടെ കൂടിക്കാഴ്ചയും ഭക്ഷണം കഴിക്കലും ചൂണ്ടിക്കാട്ടിയാണ് സെലന്‍സ്‌കി വിമര്‍ശനം ഉന്നയിച്ചത്. “ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിൻ്റെ നേതാവ് ലോകത്തിലെ ഏറ്റവും രക്തദാഹിയായ കുറ്റവാളിയെ മോസ്കോയിൽ വെച്ച് കെട്ടിപ്പിടിക്കുന്നത് കാണുന്നത് വലിയ നിരാശയും സമാധാന ശ്രമങ്ങൾക്ക് വിനാശകരമായ പ്രഹരവുമാണ്.”– സെലെൻസ്‌കി തിങ്കളാഴ്ച എക്‌സിൽ ഒരു പോസ്റ്റിൽ പറഞ്ഞു.

നരേന്ദ്ര മോദി തിങ്കളാഴ്ച മോസ്കോയ്ക്ക് പുറത്തുള്ള നോവോ-ഒഗാരിയോവോയിലെ പുടിൻ്റെ വസതിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. റഷ്യൻ മിസൈലുകൾ ഉക്രേനിയൻ നഗരങ്ങളിൽ പതിച്ച് 39 പേരെങ്കിലും കൊല്ലപ്പെട്ട ദിവസം രാവിലെതന്നെയായിരുന്നു കൂടിക്കാഴ്ച. രണ്ട് നേതാക്കളും കെട്ടിപ്പിടിക്കുന്നതും ചായ കുടിക്കുന്നതും ഇലക്ട്രിക് വാഹനത്തിൽ സഞ്ചരിക്കുന്നതുമായ ചിത്രങ്ങളും വീഡിയോകളും പുറത്തു വന്നിരുന്നു.

thepoliticaleditor

ചൊവ്വാഴ്‌ച ക്രെംലിനിൽ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ മോദി യുദ്ധത്തെക്കുറിച്ച് നേരിട്ട് പറഞ്ഞില്ലെങ്കിലും സംഘർഷങ്ങൾക്ക് യുദ്ധത്തിലൂടെ പരിഹാരങ്ങൾ ഉണ്ടാകാൻ സാധ്യതയില്ലെന്നും പകരം സമാധാനവും സംഭാഷണവുമാണ് വേണ്ടതെന്നും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. “ യുദ്ധമായാലും ഭീകരതയായാലും, മനുഷ്യത്വത്തിൽ വിശ്വസിക്കുന്ന ഏതൊരു വ്യക്തിയും മരണങ്ങൾ ഉണ്ടാകുമ്പോൾ, പ്രത്യേകിച്ച് നിരപരാധികളായ കുട്ടികൾ മരിക്കുമ്പോൾ വിഷമിക്കുന്നു.”- റഷ്യൻ പ്രസിഡൻ്റിനൊപ്പം ഇരുന്നുകൊണ്ട് മോദി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“ഒരു സുഹൃത്ത് എന്ന നിലയിൽ, ഭാവി തലമുറയുടെ സമൃദ്ധിക്ക് സമാധാനം ആവശ്യമാണെന്ന് ഞാൻ എപ്പോഴും പറഞ്ഞിട്ടുണ്ട്, എന്നാൽ യുദ്ധക്കളത്തിൽ തോക്കുകൾക്കും ബോംബുകൾക്കും ബുള്ളറ്റുകൾക്കും ഇടയിൽ പരിഹാരങ്ങൾ എളുപ്പമല്ലെന്ന് എനിക്കറിയാം. സംവാദത്തിലൂടെ സമാധാനത്തിലേക്കുള്ള വഴി സ്വീകരിക്കണം. “സമാധാനം കൈവരിക്കുന്നതിന് സാധ്യമായ എല്ലാ വഴികളിലും നിങ്ങളെ പിന്തുണയ്ക്കാൻ ഇന്ത്യ തയ്യാറാണ്. ഞങ്ങൾ സമാധാനത്തിന് അനുകൂലമാണെന്ന് നിങ്ങൾക്കും ലോകത്തിനും ഞാൻ ഉറപ്പ് നൽകുന്നു, ഇന്നലെ എൻ്റെ സുഹൃത്ത് പുടിനുമായി സംസാരിച്ചതിന് ശേഷം എനിക്ക് പ്രതീക്ഷയുണ്ട്.-മോദി പറഞ്ഞു.

തിങ്കളാഴ്ച വൈകിട്ട് പുടിൻ്റെ നോവോ-ഒഗാരിയോവോ വസതിയിൽ അഞ്ച് മണിക്കൂർ സന്ദർശനം നടത്തിയപ്പോൾ ഇരു നേതാക്കളും ഉക്രെയ്‌നെക്കുറിച്ച് ചർച്ച ചെയ്തതായി മോദി പറഞ്ഞു. സംഘർഷത്തിന് പരിഹാരം കാണാനുള്ള മോദിയുടെ ശ്രമങ്ങൾക്ക് നന്ദി അറിയിച്ച് ഇരുവരും ഉക്രെയ്‌നുമായി ചർച്ച നടത്തിയതായി പുടിൻ ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് സ്ഥിരീകരിച്ചു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick