മൊബൈല്‍ ഫോണുകൾക്കും ചാർജറുകൾക്കും തുണിത്തരങ്ങൾക്കും ലതർ ഉത്പന്നങ്ങൾക്കും വില കാര്യമായി കുറയുന്ന നിർദേശങ്ങളോടെയാണ് കേന്ദ്ര ബജറ്റ് പ്രഖ്യാപിച്ചിരിക്കുന്നത് . ബഡ്‌ജറ്റിൽ കസ്റ്റംസ് ഡ്യൂട്ടി കുറച്ചതോടെയാണ് ഇവയ്ക്ക് വില കുറയുന്നത്. ക്യാൻസർ ചികിത്സയ്ക്കുള്ള മൂന്നുമരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയിട്ടുണ്ട്. സ്വർണത്തിനും വെള്ളിക്കും വിലകുറയും.
ആഗോളതലത്തില്‍ തന്നെ മൊബൈല്‍ ഫോണുകളുടെ പ്രധാന നിര്‍മ്മാണമേഖലയായി ഇന്ത്യ ഇതിനകം മാറിയിട്ടുണ്ട്. ആ വ്യവസായത്തിന് പ്രോല്‍സാഹനം നല്‍കുന്നതിന്റെ ഭാഗമാണ് ബജറ്റിലെ പ്രഖ്യാപനം.

വില കുറയുന്ന മേഖലകൾ
മൊബൈൽ ഫോണുകളുടെയും മൊബൈൽ ചാർജറുകളുടെയും അടിസ്ഥാന കസ്റ്റംസ് തീരുവ 15 ശതമാനമായി കുറച്ചതായി ധനമന്ത്രി പ്രഖ്യാപിച്ചു.
സ്വർണത്തിൻ്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ 6 ശതമാനമായും പ്ലാറ്റിനം 6.4 ശതമാനമായും കുറച്ചു.
മൂന്ന് കാൻസർ ചികിത്സ മരുന്നുകളെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സോളാർ പാനലുകളുടെ നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ഒഴിവാക്കപ്പെട്ട മൂലധന വസ്തുക്കളുടെ പട്ടിക വിപുലീകരിക്കാനും നിർദ്ദേശിച്ചു.
ഇ-കൊമേഴ്‌സിൻ്റെ ടിഡിഎസ് നിരക്ക് 1 ശതമാനത്തിൽ നിന്ന് 0.1 ശതമാനമായി കുറച്ചു
ഫെറോണിക്കൽ, ബ്ലിസ്റ്റർ കോപ്പർ എന്നിവയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ നീക്കം ചെയ്തു.
ചില ബ്രൂഡ് സ്റ്റോക്ക്, പോളിചെയിറ്റ് വിരകൾ, ചെമ്മീൻ, മീൻ തീറ്റ എന്നിവയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 5 ശതമാനമായി കുറച്ചു.
ചെമ്മീൻ, മത്സ്യ തീറ്റ എന്നിവയുടെ നിർമ്മാണത്തിനുള്ള വിവിധ ഇൻപുട്ടുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കിയിട്ടുണ്ട്.
തുകൽ, ടെക്സ്റ്റൈൽ മേഖലകളിലെ കയറ്റുമതിയുടെ മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിന്, താറാവ് അല്ലെങ്കിൽ ഗോസ് എന്നിവയിൽ നിന്നുള്ള റിയൽ ഡൗൺ ഫില്ലിംഗ് മെറ്റീരിയലിൻ്റെ ബിസിഡി കുറച്ചു.
അമോണിയം നൈട്രേറ്റിൻ്റെ അടിസ്ഥാന കസ്റ്റംസ് തീരുവ 7.5 ൽ നിന്ന് 10 ശതമാനമായി കുറച്ചു.
റെസിസ്റ്ററുകൾ നിർമ്മിക്കുന്നതിനുള്ള ഓക്സിജൻ രഹിത ചെമ്പിൻ്റെ അടിസ്ഥാന കസ്റ്റംസ് തീരുവ എടുത്തുകളഞ്ഞു.
ആണവോർജം, പുനരുപയോഗ ഊർജം, ബഹിരാകാശം, പ്രതിരോധം, ടെലികമ്മ്യൂണിക്കേഷൻ, ഹൈടെക് ഇലക്‌ട്രോണിക്‌സ് തുടങ്ങിയ മേഖലകൾക്കുള്ള 25 നിർണായക ധാതുക്കളുടെ കസ്റ്റംസ് തീരുവ പൂർണമായും ഒഴിവാക്കുകയും അവയിൽ രണ്ടെണ്ണത്തിൽ ബിസിഡി കുറയ്ക്കുകയും ചെയ്യുന്നു.
ചെറുകിട – ഇടത്തരം സംരംഭങ്ങൾക്ക് ക്രെഡിറ്റ് ഗ്യാരന്റി സ്കീം ഈട് രഹിത വായ്പ നൽകും. ഇതിനായി 100 കോടി രൂപ വരെയുള്ള വായ്പകൾ പ്രാപ്തമാക്കുന്നതിനുള്ള പുതിയ ഗ്യാരന്റി പ്ലാനുകൾ കൊണ്ട് വരും. എംഎസ്എംഇകൾക്ക് ബാങ്ക് വായ്പ സുഗമമാക്കുമെന്നും ബഡ്‌ജറ്റ് പ്രഖ്യാപനത്തിലുണ്ട്. എംഎസ്എംഇകൾക്ക് ഈടും ഗ്യാരന്റിയും ഇല്ലാതെ യന്ത്രങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിനും ടേം ലോണുകൾ സുഗമമാക്കുന്നതിനും പുതിയ പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്. മുദ്ര വായ്പയുടെ പരിധി ഉയർത്തിയിട്ടുണ്ട്. പത്ത് ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കി ഉയർത്തി. രാജ്യത്ത് കൂടുതൽ വ്യവസായ പാർക്കുകൾ കൊണ്ടുവരും.