നരേന്ദ്രമോദിക്കും ബിജെപിക്കും കേന്ദ്രത്തിലെ ഭരണം നിലനിര്‍ത്തണമെങ്കില്‍ രണ്ടു രാഷ്ട്രീയപാര്‍ടികളുടെ എം.പി.മാര്‍ ഉണ്ടെങ്കിലേ ഭൂരിപക്ഷം തികയ്ക്കാന്‍ സാധിക്കൂ- ആന്ധ്രപ്രദേശിലെ തെലുഗു ദേശം പാര്‍ടിയുടെയും ബിഹാറിലെ ജനതാദള്‍-യുണൈറ്റഡിന്റെയും. രണ്ടു പാര്‍ടികളുടെയും മേധാവികളാണ് ആ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍- ചന്ദ്രബാബു നായിഡുവും നിതീഷ്‌കുമാറും. ഈ രണ്ടു പാര്‍ടികളുടെ പിന്തുണ ഉറപ്പാക്കാനായി ഇന്ത്യയിലെ 145 കോടി ഇന്ത്യക്കാരുടെ സമതുലിതമായ വികസന സ്വപ്‌നങ്ങളുടെ, ആഗ്രഹങ്ങളുടെ കടയ്ക്കലാണ് ഇന്ന് കേന്ദ്രബജറ്റിലൂടെ സര്‍ക്കാര്‍ കത്തിവെച്ചിരിക്കുന്നത്. ബിഹാറിന് മാത്രം 50,000 കോടി രൂപ വകയിരുത്തിയപ്പോള്‍ കേരളം മുതല്‍ കാശ്മീര്‍ വരെയുള്ള സംസ്ഥാനങ്ങള്‍ക്ക്, അവിടുത്തെ നികുതിദായകരുടെ പ്രത്യേകമായ ഒരാവശ്യവും അംഗീകരിക്കപ്പെട്ടില്ല എന്നതാണ് ഇത്തവണത്തെ കേന്ദ്രബജറ്റിനെ രാഷ്ട്രീയവല്‍ക്കൃത ബജറ്റ് എന്ന പഴി കേള്‍പ്പിക്കുന്നത്.
ഏറ്റവുമധികം നികുതി നല്‍കുന്ന ഒട്ടേറെ സംസ്ഥാനങ്ങള്‍ മുന്നോട്ടു വെച്ച വികസന ആവശ്യങ്ങള്‍ക്കൊന്നും ഒരു രൂപ പോലും നീക്കവെക്കുകയോ ബജറ്റിലൊന്നു പരാമര്‍ശിക്കുക പോലുമോ ഉണ്ടാവാത്തപ്പോള്‍ ബിഹാര്‍, ആന്ധ്രപ്രദേശ് എന്നീ രണ്ടു സംസ്ഥാനങ്ങള്‍ക്കായി മാത്രം ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫെഡറല്‍ സംവിധാനത്തെത്തന്നെ കഠിനമായി പരിഹസിക്കുന്ന തരത്തിലേക്ക് ബജറ്റ് തരംതാണുപോയിരിക്കുന്നു.
24,000 കോടി രൂപയുടെ പദ്ധതികള്‍ വേണമെന്ന് ആവശ്യപ്പെട്ട സംസ്ഥാനമായിരുന്നു കേരളം. എന്നാല്‍ കേരളം എന്നൊരു വാക്കു പോലും ബജറ്റില്‍ പരാമര്‍ശിച്ചില്ല. ഇന്ത്യയില്‍ രണ്ടു സംസ്ഥാനങ്ങളില്‍ മാത്രമേ വികസനം വേണ്ടതുള്ളൂ എന്ന് ബജറ്റ് ഉദ്ദേശിക്കുന്നുള്ളൂ. അതാവട്ടെ അവിടുത്ത രണ്ട് പാര്‍ടികളുടെ പിന്തുണ തന്റെ സര്‍ക്കാരിന് കിട്ടാനും അധികാരം എങ്ങിനെയെങ്കിലും നിലനിര്‍ത്താനും മാത്രമുള്ള അസന്തുലിതമായ ആനുകൂല്യ പ്രഖ്യാപനങ്ങളായിപ്പോവുകയും ചെയ്തു.
സംസ്ഥാന സർക്കാർ എയിംസിന് മതിയായ സ്ഥലം നൽകിയില്ല- സുരേഷ് ഗോപിയുടെ ആരോപണം
ബഡ്‌ജറ്റിൽ കേരളത്തെ അവഗണിച്ചെന്ന ആരോപണം തള്ളി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബജറ്റിൽ കേരളത്തിനോട് അവഗണന കാണിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന സർക്കാർ എയിംസിന് മതിയായ സ്ഥലം നൽകിയിട്ടില്ല. 150 ഏക്കർ സ്ഥലമാണ് നൽകിയിട്ടുള്ളത്. അത് മതിയാകില്ലെന്നും സുരേഷ് ഗോപി ആരോപിച്ചു. കേരളത്തിന് എയിംസ് അനുവദിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം 2022ഏപ്രിലിൽ ധനമന്ത്രാലയത്തിന് ശുപാർശ നൽകിയിരുന്നെങ്കിലും തുടർനടപടിയുണ്ടായില്ല എന്നത് സംബന്ധിച്ച് മന്ത്രി പ്രതികരിച്ചില്ല.
അതേസമയം, കേരളം ഏറ്റെടുത്തു നല്‍കിയതിനെക്കാളും സ്ഥലവിസ്തൃതി കുറഞ്ഞ സ്ഥലങ്ങളിലാണ് രാജ്യത്തെ പല സംസ്ഥാനങ്ങളിലും എയിംസ് പ്രവര്‍ത്തിക്കുന്നത് എന്ന് ഇടതുപക്ഷം ചൂണ്ടിക്കാട്ടുന്നു. പല സംസ്ഥാനങ്ങളിലും വേണ്ടത്ര കെട്ടിട സൗകര്യംപോലും പൂര്‍ത്തിയാകും മുമ്പേ എയിംസ് തുടങ്ങിയെന്നും കേരളത്തെ അപമാനിക്കും വിധമാണ് മന്ത്രിയുടെ ആരോപണമെന്നും നേതാക്കള്‍ അഭിപ്രായപ്പെടുന്നു.