തൃശൂർ മേയർ എം കെ വർഗീസ് സ്ഥാനം ഒഴിയണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് ആവശ്യപ്പെട്ടു . മുൻധാരണ പ്രകാരം മേയർ സ്ഥാനം രാജി വച്ച് മുന്നണിയിൽ തുടരാൻ വർഗീസ് തയാറാകണമെന്നാണ് വത്സരാജ് ആവശ്യപ്പെട്ടത്. മേയറുടെ ബിജെപി അനുകൂല നിലപാട് പ്രതിഷേധാർഹമാണെന്നും സിപിഐ ജില്ലാ സെക്രട്ടറി വിമർശിച്ചു. കൂടാതെ തൃശൂരിലെ പരാജയത്തിന് മേയറുടെ നിലപാട് ഒരു കാരണമായിയെന്നും ആരോപിച്ചു. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ സുരേഷ് ഗോപി നേരിട്ടെത്തി മേയറെ കണ്ട് വോട്ട് ചോദിച്ചത് അന്ന് വലിയ ചർച്ചയായിരുന്നു.സുരേഷ് ഗോപി എം പിയാകാൻ ഫിറ്റായ വ്യക്തിയാണെന്നായിരുന്നു മേയറുടെ അന്നത്തെ കമന്റ്. സുരേഷ് ഗോപി കോർപറേഷന് പ്രഖ്യാപിച്ച മുഴുവൻ പണവും നൽകിയെന്നും ജനങ്ങൾക്കിടയിൽ നിൽക്കുന്ന ആളാണെന്നും എം കെ വർഗീസ് അന്ന് പുകഴ്ത്തിയിരുന്നു. എന്നാൽ ഇത് വിവാദമായതോടെ മൂന്ന് സ്ഥാനാർത്ഥികളും ഫിറ്റാണെന്ന് പ്രസ്താവന തിരുത്തി.കഴിഞ്ഞദിവസം തൃശൂരിൽ നടന്ന ചടങ്ങിനിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ മേയർ പുകഴ്ത്തിയതും ചർച്ചയായിരുന്നു.താൻ ബി ജെ പിയിലേക്ക് പോകുന്നുവെന്ന വാർത്ത തെറ്റാണെന്നും ഇടതുപക്ഷത്ത് ഉറച്ചുനിൽക്കുന്നുവെന്നും വർഗീസ് ഇതിനിടെ പറയുന്നുമുണ്ട്.
കോണ്‍ഗ്രസ് വിമതനായി കോര്‍പറേഷനില്‍ ജയിച്ച വര്‍ഗീസ് യു.ഡി.എഫ്. -എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ തുല്യ എണ്ണമായി വന്നപ്പോള്‍ ഭരണം പിടിച്ചെടുക്കാന്‍ സിപിഎം നടത്തിയ നീക്കത്തിന്റെ ഭാഗമായാണ് ഇടതുപക്ഷത്തിനൊപ്പം നിന്നത്. ചെയര്‍മാന്‍ പദവി വാഗ്ദാനം ചെയ്തായിരുന്നു വര്‍ഗീസിനെ ഇടതുപക്ഷം കൂടെ നിര്‍ത്തിയത്. എന്നാല്‍ വര്‍ഗീസ് പിന്നീട് ഇടതുപക്ഷം വരച്ച വരയ്ക്കകത്തൊന്നും ഒതുങ്ങാതെ സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങളിലൂടെ ഇടതുമുന്നണിയെ അലോസരപ്പെടുത്തുന്ന പല സന്ദര്‍ഭങ്ങളും ഉണ്ടായി. അതില്‍ ഏറ്റവും അവസാനത്തേതാണ് സുരേഷ് ഗോപിയുമായി ബന്ധപ്പെട്ടുണ്ടായത്.