നീറ്റ് യുജി പരീക്ഷയിൽ വിദ്യാർത്ഥികൾ നേടിയ മാർക്കുകൾ പ്രസിദ്ധീകരിക്കാൻ ദേശീയ ടെസ്റ്റ് ഏജൻസിയോട് സുപ്രീം കോടതി നിർദ്ദേശിച്ചു. ശനിയാഴ്ച ഉച്ചയോടെ ഫലം പ്രസിദ്ധീകരിക്കണമെന്നും അതിനാൽ വിഷയത്തിൽ തിങ്കളാഴ്ച വാദം പൂർത്തിയാക്കാമെന്നും സുപ്രീം കോടതി പറഞ്ഞു. “കുറഞ്ഞത് പട്‌നയിലും ഹസാരിബാഗിലും ചോർച്ചയുണ്ടായി എന്നത് വസ്തുതയാണ് (ഉണ്ടാക്കിയത്).. പരീക്ഷയ്ക്ക് മുമ്പ് ചോദ്യപേപ്പറുകൾ പ്രചരിപ്പിച്ചിട്ടുണ്ട്, അത് സംശയമില്ല. ഇത് ഈ കേന്ദ്രങ്ങളിൽ മാത്രമായി ഒതുങ്ങുന്നുണ്ടോ എന്നതാണ് ചോദ്യം. ഇത് കൂടുതൽ വ്യാപകമല്ലയെങ്കിൽ ഒരു പുനഃപരിശോധനയുടെ പ്രശ്നമില്ല.”– കോടതി പറഞ്ഞു.
“സുതാര്യത കൊണ്ടുവരുന്നതിനായി” ജൂലൈ 20 ന് ഉച്ചയ്ക്ക് 12 മണിക്കകം നീറ്റ് -യുജി 2024 ഫലങ്ങൾ പരീക്ഷാ കേന്ദ്രങ്ങൾ തിരിച്ച് വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യാൻ ദേശീയ ടെസ്റ്റിംഗ് ഏജൻസിയോട് സുപ്രീം കോടതി ഉത്തരവിട്ടു . വിദ്യാർത്ഥികളുടെ ഐഡൻ്റിറ്റി മറച്ചു വെച്ചു കൊണ്ട് വേണം ഇങ്ങനെ ചെയ്യാനെന്നും ഉത്തരവിൽ ആവശ്യപ്പെട്ടു.


“ഫലം ഓരോ കേന്ദ്രവുമായി ബന്ധപ്പെട്ട് വെവ്വേറെ പ്രഖ്യാപിക്കണം. വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്കകം അത് പുറത്തുവിടട്ടെ … അത് നടക്കട്ടെ, തിങ്കളാഴ്ച കേസിൻ്റെ വാദം അവസാനിക്കും.”– ബെഞ്ച് പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ , ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരുൾപ്പെട്ട മൂന്നംഗ ബെഞ്ച് ആണ് ഉത്തരവിട്ടത്. പിന്നീട് എൻടിഎ അഭിഭാഷകൻ്റെ അഭ്യർത്ഥന പ്രകാരം ഫലം പ്രസിദ്ധീകരിക്കാനുള്ള സമയപരിധി ശനിയാഴ്ച ഉച്ചവരെ നീട്ടി.
ജൂലൈ 24 മുതൽ മെഡിക്കൽ ബിരുദ കോഴ്‌സുകളിലേക്കുള്ള കൗൺസിലിംഗ് ആരംഭിക്കാനിരിക്കെ, കൗൺസിലിംഗ് സ്റ്റേ ചെയ്യണമെന്ന ചില ഹരജിക്കാരുടെ ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. അടുത്ത വാദം കേൾക്കുന്നത് ജൂലൈ 22ലേക്ക് മാറ്റി.