വിദേശ സർവ്വകലാശാലകളിലേക്കുള്ള വിദ്യാർത്ഥികളുടെ കുടിയേറ്റം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന അടിയന്തര പ്രമേയത്തിൽ വാക്‌പോര്. വിദ്യാർത്ഥികൾ വിദേശ രാജ്യത്തേക്ക് കുടിയേറുന്നത് കുറ്റമല്ലെന്നും മഹാത്മാഗാന്ധി വരെ വിദേശത്താണ് പഠിച്ചതെന്നും മന്ത്രി പറഞ്ഞത് പ്രതിപക്ഷ നേതാവിനെ പ്രകോപിപ്പിച്ചു . ഏറ്റവും ഗൗരവമുള്ള വിഷയത്തിൽ മന്ത്രി ചൊറിഞ്ഞുകൊണ്ട് സംസാരിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സംസ്ഥാനത്തിന്റെ പണം പുറത്തേക്ക് പോകുന്നുവെന്നും കുട്ടികൾ വിദേശത്തേക്ക് പോകുന്നത് വീട് പണയപ്പെടുത്തിയാണെന്നും വിഡി സതീശൻ പറഞ്ഞപ്പോൾ വിദേശത്ത് പോകുന്ന വിദ്യാർത്ഥികളെ തടയേണ്ട ആവശ്യമില്ലെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. വിദ്യാർത്ഥികളുടെ വിദേശപഠനത്തെ പ്രോത്സാഹിപ്പിക്കണമെന്ന് ഭരണകക്ഷി എംഎൽഎ ശ്രീനിജനും ആവശ്യപ്പെട്ടു.
വിദേശത്തേക്ക് പോയ വിദ്യാർത്ഥികളുടെ എണ്ണം ഇരട്ടിയായെന്നും ഇക്കാര്യം ചർച്ച ചെയ്യണമെന്നും മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടപ്പോൾ വിദേശ പഠനം ആഗോള പ്രതിഭാസമാണെന്ന് മന്ത്രി ബിന്ദു പറഞ്ഞു. കേരളത്തിലാണ് ഏറ്റവും കുറവ് വിദ്യാർത്ഥികൾ കുടിയേറ്റം നടത്തുന്നതെന്നും രാജ്യത്തെ ആകെ കുടിയേറ്റത്തിന്റെ നാല് ശതമാനം മാത്രമാണെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസത്തിനൊപ്പം തൊഴിലാണ് ആകർഷിക്കുന്ന പ്രധാന ഘടകം. സംസ്ഥാനത്തെ സർവ്വകലാശാലകൾക്ക് തകർച്ചയില്ല. രാജ്യാന്തര തലത്തിൽ സർവ്വകലാശാലയുടെ കീർത്തി വർദ്ധിക്കുകയാണ്. — ആർ ബിന്ദു അവകാശപ്പെട്ടു.
