കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്തനായി കരയിലും സമീപത്തെ പുഴയിലുമായി കഴിഞ്ഞ രണ്ടാഴ്ചയായി നടത്തുന്ന തിരച്ചില്‍ പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് അവസാനിപ്പിക്കാന്‍ കര്‍ണാടക ഏകപക്ഷീയമായി അവസാനിപ്പിച്ചതില്‍ പ്രതിഷേധം ഉയര്‍ന്നു. കേരളം ശക്തമായി പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തെഴുതി. തുടര്‍ന്ന് ഇവര്‍ തമ്മില്‍ ഫോണില്‍ സംസാരിക്കുകയും ഇതിനു ശേഷം കര്‍ണാടക സര്‍ക്കാര്‍ തീരുമാനം മാറ്റുകയും ചെയ്തു. തിരച്ചില്‍ തുടരാന്‍ തീരുമാനിച്ചു.
ഗംഗാവലി പുഴയിലാണ് അര്‍ജുന്റെ ട്രക്ക് മുങ്ങിക്കിടക്കുന്നത്. പക്ഷേ മലയിടിഞ്ഞ് പുഴയില്‍ കുന്നുകൂടിക്കിടക്കുന്നതിനടയിലായിരിക്കാം ട്രക്കുള്ളത് എന്ന് കരുതുന്നുണ്ട്. പുഴയില്‍ ശക്തിയായ ഒഴുക്കുള്ളതിനാല്‍ നാവികസേനയ്ക്കു പോലും തിരച്ചില്‍ പൂര്‍ണമാക്കാന്‍ സാധിച്ചിട്ടില്ല. മണ്ണ് നീക്കുന്നതിനായി ഡ്രഡ്ജിങ്ങ് നടത്താന്‍ തൃശ്ശൂരില്‍ നിന്നും യന്ത്രം എത്തിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം. ഡ്രഡ്ജിങ് യന്ത്രം എത്തിച്ചാല്‍ തിരച്ചില്‍ തുടരാമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചതോടെയാണ് യന്ത്രം എത്തിക്കാമെന്ന ഉറപ്പ് കേരളസര്‍ക്കാരിനു വേണ്ടി സ്ഥലത്ത് ക്യാമ്പ് ചെയ്യുന്ന കേരള എം.എല്‍.എ. എം.വിജിനും, മഞ്ചേശ്വരം എം.എല്‍.എ. എ.കെ.എം.അശ്‌റഫും വ്യക്തമാക്കി. ഇതോടെ തിരച്ചില്‍ താല്ക്കാലികമായി നിര്‍ത്തിയ തീരുമാനം മാറ്റി വീണ്ടും തുടരുമെന്ന് കാര്‍വാര്‍ എം.എല്‍.എ. സതീഷ് കൃഷ്ണ സെയില്‍ പറയുന്നത്. എന്നാല്‍ ഡ്രഡ്ജര്‍ എത്തിക്കുന്നതു വരെ തിരച്ചലില്‍ നടത്തുമോ എന്നത് വ്യക്തമാക്കിയിട്ടില്ല.

തൃശ്ശൂരില്‍ നിന്നും ഡ്രഡ്ജര്‍ എത്തിക്കാന്‍ റോഡ് മാര്‍ഗം ദിവസങ്ങള്‍ എടുത്തേക്കാം. ഇന്നും മല്‍സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ പുഴയില്‍ തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും പരാജയമായിരുന്നു. പുഴയുടെ അടിത്തട്ടില്‍ കല്ലും മണ്ണും മരവും മാത്രമാണ് കണ്ടെത്താനായിട്ടുള്ളത്.
പുഴ തെളിഞ്ഞാല്‍ മാത്രമേ തിരച്ചില്‍ ഇനി സാധ്യമാകൂ എന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. എന്നാല്‍ ഇത് നേരത്തെ കേരള-കര്‍ണാടക മന്ത്രിമാര്‍ ചേര്‍ന്ന് എടുത്ത തീരുമാനത്തിന് വിരുദ്ധമാണ്.