ക്രിമിനൽ നടപടിച്ചട്ടത്തിൻ്റെ (സിആർപിസി) സെക്ഷൻ 125 പ്രകാരം മുസ്ലീം സ്ത്രീക്ക് ഭർത്താവിൽ നിന്ന് ജീവനാംശം തേടാമെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി.
വിവാഹമോചിതയായ ഭാര്യക്ക് ഇടക്കാല ജീവനാംശം നൽകാനുള്ള തെലങ്കാന ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് മുഹമ്മദ് അബ്ദുൾ സമദ് സമർപ്പിച്ച ഹർജി ജസ്റ്റിസ് ബി വി നാഗരത്ന, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് തള്ളി. “വിവാഹിതരായ സ്ത്രീകൾക്ക് മാത്രമല്ല, എല്ലാ സ്ത്രീകൾക്കും സെക്ഷൻ 125 ബാധകമാകുമെന്ന പ്രധാന നിഗമനത്തോടെയാണ് ഞങ്ങൾ ക്രിമിനൽ അപ്പീൽ തള്ളുന്നത്”- ജസ്റ്റിസ് നാഗരത്‌ന വിധി പ്രസ്താവിച്ചുകൊണ്ട് പറഞ്ഞു. ജീവനാംശം ജീവകാരുണ്യമല്ലെന്നും വിവാഹിതരായ സ്ത്രീകളുടെ അവകാശമാണെന്നും മതം നോക്കാതെ വിവാഹിതരായ എല്ലാ സ്ത്രീകൾക്കും ഇത് ബാധകമാണെന്നും ബെഞ്ച് പറഞ്ഞു.

1986-ലെ മുസ്ലീം സ്ത്രീകളുടെ (വിവാഹമോചനത്തിനുള്ള അവകാശങ്ങൾ സംരക്ഷിക്കൽ) നിയമത്തിലെ വ്യവസ്ഥകൾ മതേതര നിയമത്തെ മറികടക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
1986-ലെ മുസ്ലീം സ്ത്രീ (വിവാഹമോചനാവകാശ സംരക്ഷണം) നിയമം അനുസരിച്ച് വിവാഹമോചിതയായ മുസ്ലീം സ്ത്രീക്ക് സെക്ഷൻ 125 സിആർപിസി പ്രകാരം ആനുകൂല്യം ലഭിക്കാൻ അർഹതയില്ലെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. വിവാഹമോചിതയായ മുസ്ലീം സ്ത്രീക്ക് സിആർപിസി യുടെ 125-ാം വകുപ്പ് പ്രകാരം ജീവനാംശത്തിന് അർഹതയില്ലെന്നും 1986-ലെ മുസ്ലീം സ്ത്രീകളുടെ (വിവാഹമോചനത്തിനുള്ള അവകാശങ്ങൾ സംരക്ഷിക്കൽ) നിയമത്തിലെ വ്യവസ്ഥകൾ ബാധകമാക്കണമെന്നും ഉള്ള വാദം കോടതി അംഗീകരിച്ചില്ല.
1986-ല്‍ രാജീവ് ഗാന്ധിയുടെ സര്‍ക്കാരാണ് മുസ്ലീം സ്ത്രീകള്‍ക്ക് ജീവനാംശത്തിന് അര്‍ഹതയില്ലെന്ന് വരുത്തുന്ന നിയമം പാര്‍ലമെന്റില്‍ പാസ്സാക്കിയത്. പ്രസിദ്ധമായ ഷാബാനു കേസിലെ സുപ്രീംകോടതി വിധി മറികടക്കാനായിരുന്നു ഈ നിയമനിര്‍മ്മാണം. ബാബരി മസ്ജിദില്‍ പൂജയ്ക്കായി അവസരം കൊടുത്തതില്‍ രാജ്യത്തെ മുസ്ലീം സമുദായത്തിനിടയില്‍ ഉണ്ടായ അസംതൃപ്തി മറികടക്കാനായിട്ടാണ് മുസ്ലീം സ്ത്രീകള്‍ക്ക് വളരെ എതിരായ നിയമം പാസാക്കി മതപ്രീണനം നടത്തിയത് എന്ന് ആരോപണം ഉയരാന്‍ ഇത് കാരണമാകുകയും ചെയ്തു.