കൊലപാതകശ്രമത്തില്‍ നിന്നും രക്ഷപ്പെട്ടത് ദൈവിക ഇടപെടല്‍ കൊണ്ടു മാത്രമെന്ന് ഡൊണാള്‍ഡ് ട്രംപ്. പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി കൂടിയായ മുന്‍ പ്രസിഡണ്ടിന് ശനിയാഴ്ച വൈകീട്ട് പെന്‍സില്‍വാനിയയിലെ ഒരു തിരഞ്ഞെടുപ്പു റാലിക്കിടെ വെടിയേറ്റത് ലോകത്തെയാകെ ഞെട്ടിച്ച പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രതികരണം. തിരഞ്ഞെടുപ്പില്‍ ട്രംപിന് കൂടുതല്‍ മൈലേജ് നല്‍കുന്നതിന് ഉപകരിച്ചിരിക്കയാണ് ഈ ആക്രമണം. വലതു ചെവിയിലാണ് വെടിയേറ്റത്. അനധികൃത കുടിയേറ്റത്തിനെതിരെ സംസാരിച്ചുകൊണ്ടിരിക്കവേയായിരുന്നു ട്രംപിന് വെടിയേറ്റത് എന്നത് ശ്രദ്ധേയമാണ്. 20 വയസ്സുകാരനാണ് അക്രമി. ഇയാളെ തല്‍സമയം തന്നെ സുരക്ഷാസേന വെടിവെച്ചു കൊന്നു. വെടിയുതിർത്ത വ്യക്തി ബെഥേൽ പാർക്കിലെ 20 കാരനായ തോമസ് മാത്യു ക്രൂക്ക്സ് ആണെന്ന് എഫ്ബിഐ തിരിച്ചറിഞ്ഞു. ക്രൂക്‌സ് ഒരു നിർമ്മാണ പ്ലാൻ്റിൻ്റെ മേൽക്കൂരയിൽ സ്ഥാനം പിടിച്ചിരിക്കുകയായിരുന്നു.
“ഈ നിമിഷത്തിൽ, നമ്മൾ ഐക്യത്തോടെ നിൽക്കുകയും അമേരിക്കക്കാരെന്ന നിലയിൽ നമ്മുടെ യഥാർത്ഥ സ്വഭാവം കാണിക്കുകയും ശക്തരും നിശ്ചയദാർഢ്യമുള്ളവരുമായി നിലകൊള്ളുകയും തിന്മയെ ജയിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യേണ്ടത് എന്നത്തേക്കാളും പ്രധാനമാണ്”– ട്രംപ് ഞായറാഴ്ച രാവിലെ തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ എഴുതി.
അതിനിടെ, ട്രംപ് ടീം അടുത്തിടെ അധിക സുരക്ഷ ആവശ്യപ്പെട്ടെന്നും നിരസിച്ചുവെന്നുമുള്ള റിപ്പോർട്ടുകൾ യുഎസ് രഹസ്യാന്വേഷണ വിഭാഗം ഔദ്യോഗികമായി നിഷേധിച്ചു.