സംസ്ഥാനത്താകെ നാളെയും അടുത്ത ദിവസങ്ങളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ മുന്നറിയിപ്പ്. കണ്ണൂര്‍,കാസര്‍ഗോഡ്, മലപ്പുറം ജില്ലകളില്‍ ഏററവും കൂടിയ റെഡ് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിലും കോഴിക്കോട്, തൃശൂര്‍ ജില്ലകളിലും നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അതാത് ജില്ലകളിലെ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. കാസർകോട് ജില്ലയിലെ സ്‌കൂളുകൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയായിരിക്കുമെങ്കിലും കോളേജുകൾക്ക് അവധി ബാധകമല്ലെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു.
അതേസമയം, മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, സർവകലാശാല പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. കണ്ണൂർ, കാസർകോട്, മലപ്പുറം ജില്ലകളിൽ നാളെ റെഡ് അലർട്ടും കോഴിക്കോട്, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ അടുത്ത അഞ്ചുദിവസം അതിശക്തമായ മഴയ്ക്കും നാളെ അതിതീവ്ര മഴയ്ക്കും സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.