ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസൻസിംഗ് അതോറിറ്റി ഏപ്രിലിൽ ഉൽപ്പാദന ലൈസൻസ് സസ്പെൻഡ് ചെയ്ത 14 ഉൽപ്പന്നങ്ങളുടെ വിൽപ്പന നിർത്തിവച്ചതായി പതഞ്ജലി ആയുർവേദ് ലിമിറ്റഡ് ചൊവ്വാഴ്ച സുപ്രീം കോടതിയെ അറിയിച്ചു .ഈ ഉൽപ്പന്നങ്ങൾ പിൻവലിക്കാൻ 5,606 ഫ്രാഞ്ചൈസി സ്റ്റോറുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കമ്പനി ജസ്റ്റിസുമാരായ ഹിമ കോഹ്‌ലിയും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ചിനെ അറിയിച്ചു. ഈ 14 ഉൽപ്പന്നങ്ങളുടെ എല്ലാ പരസ്യങ്ങളും പിൻവലിക്കാൻ മാധ്യമ പ്ലാറ്റ്‌ഫോമുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അറിയിച്ചു.
പരസ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ ഉടമകൾക്ക് നൽകിയ നിർദേശം അംഗീകരിച്ചിട്ടുണ്ടോയെന്നും ഈ 14 ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾ പിൻവലിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കി രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ പതഞ്ജലി ആയുർവേദ് ലിമിറ്റഡിനോട് ബെഞ്ച് നിർദേശിച്ചു. കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി ബെഞ്ച് ജൂലൈ 30ന് മാറ്റി.
കൊവിഡ് വാക്‌സിനേഷനും ആധുനിക വൈദ്യശാസ്ത്രത്തിനും എതിരെ പതഞ്ജലി അപകീർത്തികരമായ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.