പൊതുരംഗത്തെ പ്രവർത്തന മികവിനു യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരം മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങിന്. രണ്ടു ലക്ഷം രൂപയാണ് പുരസ്കാരത്തുക. അനാരോഗ്യത്തെ തുടർന്നു കേളത്തിലെത്താൻ കഴിയില്ലെന്നതിനാൽ ഡോ.മൻമോഹൻ സിങ്ങിനു ഡൽഹിയിലെ വസതിയിലെത്തി പുരസ്കാരം സമർപ്പിക്കും.
സാമ്പത്തിക ഉദാരവൽകരണ നയങ്ങളിലൂടെ രാജ്യത്തെ പുരോഗതിയുടെ പാതയിൽ മുന്നേറാൻ ധനമന്ത്രിയെന്ന നിലയിൽ നൽകിയ സേവനങ്ങളും പ്രധാനമന്ത്രിയെന്ന നിലയിൽ നടത്തിയ മികവുറ്റ പ്രവർത്തനങ്ങളും പരിഗണിച്ചാണു പുരസ്കാരം നൽകുന്നതെന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചു.