മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് സ്വദേശിയായ 14കാരന് നിപയെന്ന് സ്ഥിരീകരിച്ച് സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് നടത്തിയ നിപ പരിശോധനയിൽ പോസിറ്റീവെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. പൂനെ വെെറോളജി ലാബിൽ നിന്നുള്ള ഫലം വന്നാൽ മാത്രമേ അന്തിമ സ്ഥിരീകരണമാകുകയുള്ളൂവെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. രോഗബാധയുണ്ടായത് വയനാട്ടിലേക്കുള്ള ടൂറിനിടെ കഴിച്ച അമ്പഴങ്ങയിൽ നിന്നാണെന്നാണ് സംശയം പറയുന്നു. എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ല.
രണ്ടാമത്തെ പരിശോധനാ ഫലവും പോസിറ്റീവ് ആയതോടെയാണ് സർക്കാർ നടപടി . കോഴിക്കോട് മെഡിക്കൽ കോളജിലെ വൈറോളജി ലാബിൽ നടത്തിയ രണ്ടാം പരിശോധനയിലാണ് നിപ പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഇനി പുനെ വൈറോളജി ലാബിലെ പരിശോധനാ ഫലമാണ് വരാനുള്ളത്. സ്വകാര്യ ആശുപത്രിയിൽ നടത്തിയ ട്രൂനാറ്റ് പരിശോധനയിലും നിപ പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് വിദഗ്ധ പരിശോധനയ്ക്കായി പൂനെയിലേക്ക് സാംപിൾ അയച്ചത്.


ആരോഗ്യ വകുപ്പ് മലപ്പുറത്ത് കൺട്രോൾ സെൽ പ്രവർത്തനം ആരംഭിച്ചു. നിപ പ്രോട്ടോകോൾ പ്രകാരം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മുൻ കരുതൽ നടപടികൾ സ്വീകരിക്കുകയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ബന്ധുക്കളുടെ ആവശ്യപ്രകാരം കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റും. ഇപ്പോൾ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് പതിനാലുകാരൻ. കുട്ടിയുടെ ആരോഗ്യ നില അല്പം ഗുരുതരം ആണെന്ന് റിപോർട്ടുണ്ട്. നിപ വെെറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടർന്ന് ഇന്നലെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു.
ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും സംസ്ഥാനത്ത് നിപ വൈറസ് സാന്നിധ്യം വീണ്ടും കണ്ടെത്തിയിരിക്കയാണ്. ആറു വർഷത്തിനിടെ നാലു തവണയാണ് സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചത്– 2018, 2019, 2021, 2023 വർഷങ്ങളിൽ. 2023 സെപ്റ്റംബറിലാണ് ഒടുവിൽ രോഗബാധ ഉണ്ടായത്.
എന്നാല്‍ ആശ്വാസകരമായ കാര്യമായി പറയുന്നത്, ഇപ്പോള്‍ കണ്ടെത്തിയത് നിപയുടെ ഇന്‍ഡെക്‌സ് കേസ് ആയതിനാല്‍ രോഗവ്യാപനം തടയാന്‍ ഇത് വളരെ ഫലപ്രദമാണെന്നാണ്. 2018-ല്‍ ആദ്യമായി നിപ കണ്ടെത്തിയപ്പോള്‍ പല മരണങ്ങള്‍ സംഭവിച്ചതിനു ശേഷം വൈകിയാണ് നിപ ആണെന്ന് തിരിച്ചറിയാനായത്. അപ്പോഴേക്കും രോഗം വ്യാപിക്കാന്‍ തുടങ്ങിയിരുന്നു.
മറ്റൊരു കാര്യം, നിപ ബാധിച്ചവരില്‍ കുറച്ചു പേരെയെങ്കിലും രക്ഷിക്കാന്‍ ആധുനിക വൈദ്യശാസ്ത്രത്തിന് സാധിച്ചിട്ടുണ്ടെന്നതാണ്.