Categories
kerala

ഉന്നതവിദ്യാഭ്യാസത്തിലെ വിപ്ലവമാറ്റത്തിന് ഇന്ന് തുടക്കം, എതിര്‍പ്പുകളെ തട്ടിമാറ്റിയുള്ള ധീരമായ മാറ്റം

സംസ്ഥാനത്തെ സര്‍വ്വകലാശാലാ ബിരുദപഠനം ഇന്നു മുതല്‍ കേരളത്തിലെ തന്നെ ഇതുവരെയുണ്ടായ ഏററവും കാതലായ മാറ്റത്തിലേക്ക് ഇന്ന് ചുവടുവെക്കുന്നു. ദേശീയ വിദ്യാഭ്യാസനയത്തില്‍ വിഭാവനം ചെയ്ത നാലു വര്‍ഷ ബിരുദപഠനം ഇന്ന് സംസ്ഥാനത്ത് തുടങ്ങുമ്പോള്‍ ഇതുവരെയുണ്ടായിരുന്ന സിലബസിന്റെയും ബിരുദദാനത്തിന്റെയും സങ്കല്‍പങ്ങളുടെ അലകും പിടിയും മാറ്റുന്ന മുഹൂര്‍ത്തങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഇന്ത്യയിലെ കേന്ദ്രസര്‍വ്വകലാശാലകളെല്ലാം നാലു വര്‍ഷ ബിരുദത്തിലേക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ തന്നെ മാറിക്കഴിഞ്ഞിരുന്നു. ദേശീയ വിദ്യാഭ്യാസനയത്തിലെ പ്രധാനപ്പെട്ടൊരു അക്കാദമിക മാറ്റമായിരുന്നു ഇത്. എന്നാല്‍ കേരളത്തിലെ ഇടതുപക്ഷം ദേശീയവിദ്യാഭ്യാസനയത്തിനെതിരെ വിമര്‍ശനമുയര്‍ത്തിയാണ് അതിനോട് പ്രതികരിച്ചത്. ഇടതുപക്ഷ കോളേജധ്യാപക സംഘടന മുഴുവന്‍ കനത്ത എതിര്‍പ്പായിരുന്നു. ഇതിനെയെല്ലാം മറികടന്നാണ് ഉന്നത വിദ്യാഭ്യാസകൗണ്‍സില്‍ ധീരമായ നിലപാടും തീരുമാനവുമായി മുന്നോട്ടു പോയത്. സര്‍ക്കാര്‍ ഇതിന് ശക്താമായ പിന്തുണയാണ് നല്‍കിയത്. കാലത്തിന്റെ കാഹളം കേള്‍ക്കാതെ പോകാന്‍ കേരളത്തിന് സാധ്യമല്ലെന്ന നിലപാട്, ഉന്നത വിദ്യാഭ്യാസരംഗത്ത് ദേശീയ നിലവാരവും അന്തര്‍ദ്ദേശീയ കാഴ്ചപ്പാടും ഉറപ്പാക്കാനുള്ള തീരുമാനം ഇവ സര്‍ക്കാര്‍ ശക്തമായി എടുത്തു. ഇതോടെ ആദ്യം എതിര്‍പ്പുയര്‍ത്തിയ സ്വന്തം പക്ഷത്തു തന്നെയുളള സംഘടനകള്‍ ഒതുങ്ങി.

ഇനി മുതല്‍ ഒന്നുകില്‍ സാധാരണ പോലെ മൂന്നാം വര്‍ഷം കോഴ്‌സ് അവസാനിപ്പിച്ച്‌ ബിരുദം നേടാം. അല്ലെങ്കില്‍ നാലാം വര്‍ഷവും കോഴ്‌സ് തുടര്‍ന്ന് ഓണേഴ്‌സ് ബിരുദം നേടാം. ഗവേഷണത്തിന് താത്പര്യമുള്ളവര്‍ക്ക്, ഓണേഴ്‌സ് വിത്ത് റിസേര്‍ച്ച്‌ ബിരുദധാരികളാകാം. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് മാറ്റം. ഇഷ്ടമുള്ള വിഷയങ്ങളുടെ കോമ്ബിനേഷന്‍ തെരഞ്ഞെടുത്ത് സ്വയം കോഴ്‌സ് രൂപകല്പന ചെയ്യാനാകുന്ന തരത്തിലാണ് കരിക്കുലം. ഒരേസമയം തന്നെ ഒന്നില്‍ കൂടുതല്‍ വിഷയങ്ങള്‍ പഠിക്കാനും അവസരം ലഭിക്കുന്നു. ഗവേഷണത്തിലേക്ക് ബിരുദപഠനത്തില്‍ നിന്നും നേരിട്ട് ലാറ്ററല്‍ എന്‍ട്രി പ്രവേശനവും സാധ്യമാകുന്നു. വിദ്യാര്‍ഥികള്‍ക്ക് സമയനഷ്ടം തീരെ ചുരുക്കി വളരെ വേഗത്തില്‍ അക്കാദമിക ഉന്നതിയിലേക്ക് കുതിക്കാന്‍ സഹായിക്കുന്ന പദ്ധതിക്കാണ് കേരളം തുടക്കമിടുന്നത്.

thepoliticaleditor

ഇന്ന് ഉച്ചക്ക് 12 മണിക്ക് തിരുവനന്തപുരം വനിതാ കോളേജില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി ആര്‍ ബിന്ദു അധ്യക്ഷയാകും. കേരള, കലിക്കറ്റ്, എംജി, കണ്ണൂർ സർവകലാശാലകൾക്ക് കീഴിലെ 864 കോളേജുകളിലും കേരള, മലയാളം, സംസ്കൃത സർവകലാശാലകളിലെ പഠനകേന്ദ്രങ്ങളിലുമായാണ് നാലുവർ‌ഷ ബിരുദം ആരംഭിക്കുന്നത്. മൂന്നുവർഷത്തിൽ ബിരുദം, നാലുവർഷത്തിൽ ഓണേഴ്സ് ബിരുദം, ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദം എന്നിങ്ങനെയാണ് ഈ വർഷം മുതൽ പഠനം ആരംഭിക്കുന്ന വിദ്യാർഥികൾക്ക് ലഭിക്കുക. രണ്ടര ലക്ഷത്തോളം വിദ്യാർഥികളാണ് ആദ്യദിനത്തിൽ കോളേജുകളിൽ പ്രവേശനം നേടുന്നത്.

ലോകത്താകെ ഇപ്പോള്‍ സ്വീകരിക്കപ്പെടുന്നത് നാലുവര്‍ഷ ബിരുദപഠനമാണെന്ന വലിയ തിരിച്ചറിവ് ശക്തമായി ഊന്നിപ്പറയാനും നാലുവര്‍ഷ ബിരുദം കൂടിയേ തീരൂ എന്ന മാറ്റം ശുപാര്‍ശ ചെയ്യാനും ഉന്നത വിദ്യാഭ്യാസകൗണ്‍സില്‍ നിര്‍വ്വഹിച്ച പങ്ക് വളരെ വലുതാണ്. വൈസ് ചെയര്‍മാനായ ഡോ.രാജന്‍ ഗുരുക്കള്‍ ഇതിന്റെ പേരില്‍ ഇടതുപക്ഷ സംഘടനകളുടെ ശക്തമായ നീരസത്തിന് ഇരയായി എങ്കിലും അദ്ദേഹം തന്റെ നിലപാടില്‍ ഉറച്ചു നിന്നു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick