കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിലെ മണ്ണിടിച്ചിലിൽഏഴു ദിവസം മുൻപ് ലോറിയോടൊപ്പം കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുളള തിരച്ചിൽ കാര്യത്തിൽ അർജുനും ലോറിയും കരയിലെ മൺകൂനയ്ക്ക് അടിയിലില്ലെന്ന് സൈന്യം സ്ഥിരീകരിച്ചു. നദിക്കരയിൽ നിന്ന് ഒരു സിഗ്നൽ കിട്ടിയെന്നും സൈന്യം അറിയിക്കുന്നു. ഈ പ്രദേശം മാർക്ക് ചെയ്ത് പരിശോധന നടത്തുകയാണ്.
അപകടസ്ഥലത്തെ 90 ശതമാനം മണ്ണും നീക്കിയെന്നും അവിടെ ലോറിയില്ലെന്നും കഴിഞ്ഞദിവസം കർണാടക റവന്യുമന്ത്രി സ്ഥിരീകരിച്ചിരുന്നു. മണ്ണിടിച്ചിലിൽ ലോറി ഗംഗാവലി നദിയിലേയ്ക്ക് പതിച്ചിരിക്കാമെന്ന നിഗമനത്തിലാണ് സൈന്യമിപ്പോൾ. മണ്ണിനടിയിൽ ലോറിയുണ്ടെന്നായിരുന്നു സൈന്യം നേരത്തെ സൂചന നൽകിയിരുന്നത്. മണ്ണ് മുഴുവൻ ഏതാണ്ട് മാറ്റിയതോടെ ഈ നിഗമനം തെറ്റാണെന്നു തെളിഞ്ഞു. ലോറി കരയിലുണ്ടാകാൻ 99 ശതമാനവും സാദ്ധ്യതയില്ലെന്ന് ഉത്തര കന്നട ജില്ലാ കളക്‌ടർ ലക്ഷ്മി പ്രിയ നേരത്തെ തന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വാഹനം ഗംഗാവലി പുഴയിലുണ്ടാകാനാണ് സാദ്ധ്യത. അവ്യക്തമായ ചില സിഗ്നലുകൾ ലഭിച്ചിട്ടുണ്ട്. അത് എന്താണെന്ന് ഉറപ്പിക്കാനായിട്ടില്ല. മണ്ണിടിച്ചിലിന് പത്തുമിനിട്ട് മുൻപുള്ള അപകടസ്ഥലത്തെ ദൃശ്യങ്ങൾ ഇന്ന് ലഭിക്കുമെന്നും കളക്‌ടർ പറഞ്ഞു.