കൈക്കൂലിക്കേസിൽ പ്രതി ചേർക്കപ്പെട്ട തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ്, ചെയർമാൻ സ്ഥാനം രാജി വയ്ക്കാനുള്ള സി.പി.എം നിർദേശം തള്ളി താൻ സ്ഥാനത്തു തുടരും എന്ന് സ്വയം പ്രഖ്യാപിച്ചു. താൻ സ്വതന്ത്രനായി മത്സരിച്ചു ജയിച്ച ആൾ ആണ്. സിപിഎം തന്നെ ചെയർമാൻ സ്ഥാനം തരാൻ സമീപിച്ചതാണ്. അതിനാൽ താൻ സിപിഎം പറയുന്ന പ്രകാരം രാജി വെക്കേണ്ട ആവശ്യം ഇല്ലെന്നും സനീഷ് വ്യക്തമാക്കി.
അടുത്തയാഴ്ച വിജിലൻസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകും. രാജി വയ്ക്കുന്നത് താൻ കുറ്റസമ്മതം നടത്തുന്നതിന് തുല്യമാണെന്ന് പറഞ്ഞ ചെയർമാൻ ഈ സ്ഥാനത്തിരുന്നു തന്നെ നിരപരാധിത്വം തെളിയിക്കുമെന്നും വ്യക്തമാക്കി. നഗരസഭയിലെ കൈക്കൂലി കേസിൽ ചെയർമാൻ രണ്ടാം പ്രതിയാണ്. അസി. എൻജിനീയർക്ക് കൈക്കൂലി നൽകാൻ സ്‌കൂൾ അധികൃതരോട് നിർദേശിച്ചിരുന്നോയെന്നമാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ചെയർമാൻ മറുപടി പറഞ്ഞില്ല. മുൻകൂർ ജാമ്യാപേക്ഷ ഉൾപ്പെടെ കോടതിയുടെ പരിഗണനയിൽ ഇരുക്കുന്നതിനാൽ അക്കാര്യത്തിൽ പ്രതികരണമില്ലെന്ന് അദ്ദേഹം പറഞ്ഞു.
സ്വതന്ത്രനായി മത്സരിച്ച് ജയിച്ച തന്നെ, ചെയർമാൻ സ്ഥാനം നൽകാമെന്ന വാഗ്ദാനവുമായി എൽ.ഡി.എഫാണ് സമീപിച്ചത്. അതിനാൽ സി.പി.എമ്മിന്റെയോ എൽ.ഡി.എഫിന്റെയോ നിർദേശ പ്രകാരം രാജി വയ്ക്കേണ്ടതില്ലെന്നു സനീഷ് പറഞ്ഞു.അവിശ്വാസ പ്രമേയം പോലുള്ള നടപടികളിലേക്ക് എൽ.ഡി.എഫ് കടന്നാൽ തുടർ നടപടികൾ ആലോചിക്കും. അപ്പോൾ ചില കാര്യങ്ങൾ തനിക്കും പറയേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.