മാനനഷ്ടക്കേസിൽ നർമദാ ബച്ചാവോ ആന്ദോളൻ ആക്ടിവിസ്റ്റ് മേധാ പട്കറിനെ ഡൽഹി കോടതി അഞ്ച് മാസത്തെ തടവിന് ശിക്ഷിച്ചു . 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും സാകേത് കോടതി ഉത്തരവിട്ടു.ഇപ്പോൾ ഡൽഹി ലെഫ്റ്റനൻ്റ് ഗവർണറായ അന്നത്തെ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ (കെവിഐസി) ചെയർമാൻ വി കെ സക്‌സേനയാണ് കേസ് ഫയൽ ചെയ്തത് . സക്‌സേനയ്ക്കെതിരെ മേധാ പട്കർ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയെന്നതാണ് കേസ്. “സത്യത്തെ ഒരിക്കലും തോൽപ്പിക്കാൻ കഴിയില്ല… ഞങ്ങൾ ആരെയും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചിട്ടില്ല. കോടതി വിധിയെ ചോദ്യം ചെയ്യും.”- മേധ പ്രതികരിച്ചു.
ഗുജറാത്തിലെ ജനങ്ങളെയും അവരുടെ വിഭവങ്ങളെയും വിദേശ താൽപ്പര്യങ്ങൾക്കായി സക്സേന പണയപ്പെടുത്തിയെന്ന പട്കറുടെ ആരോപണം അദ്ദേഹത്തിൻ്റെ സത്യസന്ധതയ്ക്കും പൊതുസേവനത്തിനും നേരെയുള്ള ആക്രമണമാണെന്നു കോടതി ചൂണ്ടിക്കാട്ടി. 2000 മുതൽ പട്കറും സക്‌സേനയും ഒപ്പം നർമ്മദാ ബച്ചാവോ ആന്ദോളനും സക്‌സേനയ്‌ക്കെതിരെ ഫയൽ ചെയ്ത കേസിനെത്തുടർന്ന് നിയമ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. അഹമ്മദാബാദ് ആസ്ഥാനമായുള്ള ‘കൗൺസിൽ ഫോർ സിവിൽ ലിബർട്ടീസ്’ എന്ന എൻജിഒയുടെ തലവനായിരുന്നു ഇക്കാലത്തു സക്‌സേന. 2001-ൽ പട്കറിനെതിരെ ഒരു ടിവി ചാനലിൽ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയതിനും അപകീർത്തികരമായ പത്രപ്രസ്താവന പുറപ്പെടുവിച്ചതിനും രണ്ട് കേസുകൾ ഉണ്ടായിരുന്നു .
