നാല് ദിവസം മുൻപ് കർണാടകയിലെ ഷിരൂരിൽ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങി ലോറിയോടെ അപ്രത്യക്ഷനായ ഡ്രൈവർ അർജുന് വേണ്ടിയുള്ള പ്രാർത്ഥനയിലാണ് നാട്.
കേരളം അടിയന്തിരമായി വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. അര്‍ജുന്റെ ബന്ധുക്കള്‍ അപകടം നടന്ന സ്ഥലത്തെത്തി പരാതി നല്‍കിയിട്ടും തിരച്ചില്‍ ഊര്‍ജ്ജിതമായിരുന്നില്ലെന്ന് പറയുന്നു. വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തില്‍ നിന്നുള്ള എം.പി.മാരായ എം.കെ.രാഘവനും കെ.സി.വേണുഗോപാലും കര്‍ണാടക മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് സമ്മര്‍ദ്ദം ചെലുത്തിയ ശേഷമാണ് രക്ഷാപ്രവര്‍ത്തനത്തിന് ഊര്‍ജ്ജം കൈവന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. ലോറി മണ്ണിനടിയില്‍ ഉണ്ടെന്ന സംശയത്തില്‍ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് തിരച്ചില്‍ തുടരുകയാണ്. കോഴിക്കോട് സ്വദേശിയാണ് അർജുൻ .
വളരെ ദുഷ്‌കരമായ സ്ഥലത്താണ് അപകടമുണ്ടായത്. ജൂലായ് 16ന് രാവിലെയുണ്ടായ കൂറ്റൻ മണ്ണിടിച്ചിലിലാണ് ലോറി ഉൾപ്പെടെ അർജുനെ കാണാതായത്. മരം കയറ്റി വരികയായിരുന്നു ലോറി. മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ചായക്കട നിലനിന്നിരുന്നതായും ചായ കുടിക്കാൻ നിർത്തിയ വാഹനങ്ങളിലുള്ളവർ തെന്നി നീങ്ങിയതായും നാട്ടുകാർ പറയുന്നു.
മലയ്ക്ക് താഴെ റോഡിനപ്പുറത്ത് ഗംഗാവാലി പുഴയാണ്. നാവിക സേനയുടെ ഡൈവർമാർ പുഴയിലിറങ്ങി നടത്തിയ പരിശോധനയിൽ അർജുൻ ഓടിച്ചിരുന്ന ലോറി നദിയുടെ അടിത്തട്ടിൽ ഇല്ലെന്ന് സ്ഥിരീകരിച്ചു.
രണ്ട് യൂണിറ്റ് എൻഡിആർഎഫ് സംഘം സ്ഥലത്ത് എത്തിയെന്നും വളരെ പതിയെ മാത്രമേ മണ്ണ് മാറ്റി രക്ഷാപ്രവർത്തനം നടത്താൻ സാധിക്കുകയുള്ളു .റോഡിലേക്ക് ഇടിഞ്ഞ മണ്ണിനടിയിൽ ലോറി ഉണ്ടാകുമെന്നാണ് അർജുന്റെ കുടുംബത്തിന്റെ പ്രതീക്ഷ. ലോറിയുടെ ജിപിഎസ് ലൊക്കേഷൻ മണ്ണിനടിയിലാണ് ഏറ്റവും ഒടുവിലായി കാണിച്ചിരുന്നത്. 100 അംഗ എൻഡിആർഎഫ് സംഘമാണ് മണ്ണ് നീക്കിയുള്ള രക്ഷാപ്രവർത്തനം നടത്തുന്നത്. ജിപിഎസ് ലൊക്കേഷൻ പരിശോധിക്കുമ്പോൾ മരം കയറ്റിവന്ന ലോറി കഴിഞ്ഞ നാല് ദിവസമായി മണ്ണിനടിയിലാണ്. ഇപ്പോൾ ഓഫ് ആയി കാണിക്കുന്ന അർജുന്റെ ഫോൺ ഇന്നലെയും ഇന്നും ബെല്ലടിച്ചതിന്റെ പ്രതീക്ഷയിൽ ഇരിക്കയാണ് കുടുംബം. അപകടത്തിന്‍റെ വാര്‍ത്തകള്‍ കേട്ടതിന് പിന്നാലെ ജിപിഎസ് പരിശോധിച്ചപ്പോഴാണ് അര്‍ജുന്‍റെ ലോറിയും മണ്ണിനടിയിലാണെന്ന വിവരം കുടുംബം അറിയുന്നത്. തുടര്‍ന്ന് ബന്ധുക്കളില്‍ ചിലര്‍ അങ്ങോട്ട് പോയി വാഹനത്തിന്‍റെ ലൊക്കേഷന്‍ ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തകര്‍ക്ക് നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല.
സംഭവ സ്ഥലത്ത് നിന്നും ഒരു ടാങ്കർ ലോറിയും ഒരു കാറും കണ്ടെത്തിയതായി എൻഡിആർഎഫ് അറിയിച്ചതായും രണ്ട് കുട്ടികളും രണ്ട് സ്‌ത്രീകളും മൂന്ന് പുരുഷന്മാരും ഉൾപ്പെടെ ഏഴുപേരുടെ മൃതദേഹം കണ്ടെത്തിയതായും കേരള റവന്യു മന്ത്രി കെ രാജൻ സ്ഥിരീകരിച്ചു . എൻഡിആർഎഫിനൊപ്പം ഫയർഫോഴ്‌സും പൊലീസും രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
രക്ഷാപ്രവർത്തനം പതുക്കെയാണെന്ന വിമർശനം ശക്തമാണ്. അപകടമുണ്ടായി മൂന്ന് ദിവസമായിട്ടും റോഡിലെ മണ്ണ് മാത്രമാണ് ഇതുവരെ നീക്കം ചെയ്തത്. സൈറ്റിൽ മൂന്ന് ജെസിബികൾ മാത്രമേയുള്ളൂ മണ്ണ് മാറ്റാൻ എന്നാണ് റിപ്പോർട്ട്. മണ്ണിടിച്ചിലിൻ്റെ വ്യാപ്തിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ എണ്ണം വളരെ കുറവാണ്. നദി കരകവിഞ്ഞൊഴുകുന്നത് രക്ഷാപ്രവർത്തനത്തിന് കൂടുതൽ തടസ്സമായി.
വിഷയത്തിൽ കേരളം ശക്തമായ ഇടപെടൽ നടത്തി. വേഗത്തിലുള്ള പ്രവർത്തനങ്ങളും നടപടികളും ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. മന്ത്രി മുഹമ്മദ് റിയാസും കെ രാജനും കർണാടകയിലെ അധികൃതരുമായി നേരിട്ട് ചർച്ച നടത്തി.