ഇടതു മുന്നണി കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിൽ നടന്ന ചർച്ചയായി മാതൃഭൂമി, മലയാള മനോരമ തുടങ്ങിയ പത്രങ്ങളിൽ വന്ന വാർത്തകൾക്കെതിരെ മുന്നണി കൺവീനർ എൻ.ചന്ദ്രൻ വക്കീൽ നോട്ടീസ് അയച്ചു. പ്രിന്റർ ആന്റ് പബ്ലിഷർ, എഡിറ്റർ, ന്യൂസ് എഡിറ്റർ എന്നിവർക്കാണ് നോട്ടീസ് അയച്ചത്.
“വാർത്തയിൽ പരാമർശിക്കുന്ന ദിവസങ്ങളിലൊന്നും എൽഡിഎഫ് ജില്ലാ കമ്മിറ്റി ചേർന്നിട്ടില്ല. പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് ചേർന്നത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാനുണ്ടാക്കിയ താൽക്കാലിക സംവിധാനമാണത്. അതിൽ പ്രവർത്തനങ്ങളുടെ പരിശോധന മാത്രമാണ് നടക്കുക. അല്ലാതെ വിജയ- പരാജയ കാരണങ്ങൾ പരിശോധിക്കുന്ന പതിവില്ല. വിജയ– പരാജയങ്ങൾ പരിശോധിക്കുന്നത് ഓരോ പാർടിയുമാണ്. അത് നടത്തേണ്ടത് പാർലമെന്റ് കമ്മിറ്റിയല്ല എന്ന മിനിമം ധാരണ പോലും വ്യാജവാർത്ത സൃഷ്‌ടിക്കുന്നവർക്ക് ഉണ്ടായില്ല. ഏത് കമ്മിറ്റിയാണ് ചേർന്നത് എന്നു പോലും അന്വേഷിക്കാനുള്ള മര്യാദയും കാണിച്ചില്ല. തെറ്റായ വാർത്ത തിരുത്തി ക്ഷമാപണം നടത്തണം. അല്ലാത്ത പക്ഷം തുടർ നിയമ നടപടികൾ സ്വീകരിക്കും.” — വക്കീൽ നോട്ടീസിൽ പറയുന്നു.
