മഹാരാഷ്ട്രയിലെ പുണെയിൽ നടന്ന പ്രസിദ്ധമായ പോർഷെ അപകട കേസിന് പിന്നാലെ ഇപ്പോഴിതാ മുംബൈയിൽ ഒരു “ഹിറ്റ് ആൻ്റ് റൺ” സംഭവം. ഞായറാഴ്ച രാവിലെ മുംബൈയിലെ വോർളിയിൽ സ്‌കൂട്ടി ഓടിച്ച ദമ്പതികളെ അമിതവേഗതയിൽ വന്ന ബിഎംഡബ്ല്യു ഇടിച്ചു വലിച്ചിഴച്ചു, സ്ത്രീ മരണപ്പെട്ടു. 45 കാരിയെ കാർ 100 മീറ്ററോളം വലിച്ചിഴച്ചു. സ്ത്രീയുടെ ഭർത്താവ് പരിക്കുകളോടെ രക്ഷപ്പെട്ടു. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ ശിവസേന വിഭാഗം നേതാവ് രാജേഷ് ഷായുടെ മകൻ മിഹിർ ഷാ (24) ആണ് കാർ ഓടിച്ചിരുന്നതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഡ്രൈവറും കൂടെയുണ്ടായിരുന്നു. സംഭവത്തിന് ശേഷം മിഹിർ ഒളിവിലാണ്. രാജേഷ് ഷായെയും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറും പിടിച്ചെടുത്തിട്ടുണ്ട്.

വോർളിയിലെ കോളിവാഡ പ്രദേശത്ത് താമസിക്കുന്ന പ്രദീപ് നഖ്‌വയും ഭാര്യ കാവേരി നഖ്‌വയും ആണ് ഇരയായത്. എൻഡിടിവിയുടെ റിപ്പോർട്ട് പ്രകാരം ദമ്പതികൾ മൽസ്യ തൊഴിലാളികൾ ആണ്. ഇവർ പുലർച്ചെ മീൻ എടുക്കാൻ തൊട്ടടുത്തുള്ള തുറമുഖത്തു പോയി സ്‌കൂട്ടിയിൽ മടങ്ങുകയായിരുന്നു. പുലർച്ചെ അഞ്ചരയോടെ ആട്രിയ മാളിനു സമീപം അമിതവേഗതയിലെത്തിയ ബിഎംഡബ്ല്യു വാഹനം പിന്നിൽ നിന്ന് ഇവരെ ഇടിക്കുകയായിരുന്നു. കൂട്ടിയിടി ശക്തമായതിനാൽ സ്‌കൂട്ടർ മറിഞ്ഞ് ഭാര്യയും ഭർത്താവും കാറിൻ്റെ ബോണറ്റിൽ വീണു. ഉടൻ തന്നെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിൽ ഭർത്താവ് ബോണറ്റിൽ നിന്ന് ചാടിയെങ്കിലും ഭാര്യക്ക് അതിനു കഴിഞ്ഞില്ല. രക്ഷപ്പെടാനുള്ള തിടുക്കത്തിൽ പ്രതികൾ കാർ ഓടിച്ചതോടെ വാഹനം സ്ത്രീയെ 100 മീറ്ററോളം വലിച്ചിഴച്ചു.

ഇതിനുശേഷം പ്രതി മിഹിറും ഡ്രൈവറും കാറുമായി രക്ഷപ്പെട്ടു. പരിക്കേറ്റ യുവതിയെ മുംബൈ സെൻട്രലിലെ നായർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഭർത്താവ് ഇപ്പോൾ ചികിത്സയിലാണ്.
പോലീസ് സംഭവസ്ഥലത്ത് സ്ഥാപിച്ച സിസിടിവി പരിശോധിച്ചപ്പോൾ കാർ ശിവസേന നേതാവ് രാജേഷ് ഷായുടേതാണെന്ന് കണ്ടെത്തി. പാൽഘറിലെ ഭരണകക്ഷിയായ ശിവസേനയുടെ (ഷിൻഡെ വിഭാഗം) ഉപനേതാവാണ് രാജേഷ് ഷാ.വോർളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും വെളുത്ത ബിഎംഡബ്ല്യു കാർ പിടിച്ചെടുക്കുകയും ചെയ്തു . തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങളും കണ്ടെത്തിയിട്ടുണ്ട്. കാറിൻ്റെ ഗ്ലാസ്സിൽ ശിവസേനയുടെ സ്റ്റിക്കർ പതിച്ചിരുന്നു. സംഭവത്തിന് ശേഷം വാഹനത്തിന് പാർട്ടിയുമായുള്ള ബന്ധം മറച്ചുവെക്കാൻ സ്റ്റിക്കർ ഉരച്ച് നീക്കം ചെയ്യാൻ ശ്രമിച്ചു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ മുംബൈ സംഭവത്തെ നിർഭാഗ്യകരമെന്ന് വിശേഷിപ്പിച്ചു. ‘നിയമം അതിൻ്റെ വഴിക്ക് പോകും, നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്. ഞാൻ പോലീസുമായി സംസാരിച്ചു, കർശന നടപടിയെടുക്കും. കുറ്റക്കാർ ആരായാലും അവർക്കെതിരെ നടപടിയുണ്ടാകും. ഞങ്ങൾ എല്ലാവരോടും ഒരുപോലെയാണ് പെരുമാറുന്നത്.–അദ്ദേഹം പറഞ്ഞു,