കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിലിൽ നിർണായക വിവരങ്ങൾ ലഭിച്ചെന്ന് സൈന്യം വ്യക്തമാക്കിയെങ്കിലും പരിശോധനയിൽ ലോറി കണ്ടെത്താനായില്ല. രണ്ടിടങ്ങളിൽ നിന്നാണ് റഡാർ സിഗ്നൽ ലഭിച്ചിരുന്നത്. അർജുന് വേണ്ടി ഇന്ന് ഏഴാം ദിവസമാണ് തെരച്ചിൽ തുടരുന്നത്. അർജുനെ തെരയാൻ കേരളത്തിൽ നിന്നുള്ള 20 പേർ മാത്രം മതിയെന്ന് കർണാടക പൊലീസ് നിർദ്ദേശിച്ചു .
തെരച്ചില്‍ തുടരുന്നതിനിടെ മലയാളി രക്ഷാപ്രവർത്തകരും കർണാടക പൊലീസും തമ്മിൽ തർക്കമുണ്ടായി. ഇതേത്തുടർന്ന് മലയാളികളോട് മടങ്ങാൻ പോലീസ് ആദ്യം നിർദ്ദേശിച്ചു. രഞ്ജിത്ത് ഇസ്രയേൽ അടക്കമുള്ള ആളുകളോടാണ് പൊലീസ് തിരികെപ്പോകാൻ നിർദ്ദേശിച്ചത്. സ്ഥലത്ത് ഇന്ത്യൻ സൈന്യം മാത്രം മതിയെന്നും അരമണിക്കൂറിനുള്ളിൽ മറ്റുള്ളവർ സ്ഥലത്ത് നിന്ന് മാറാനുമാണ് പൊലീസ് നിർദ്ദേശിച്ചത്. തുടർന്ന് നടന്ന ചർച്ചയിൽ തർക്കം പരിഹരിച്ചു. തെരച്ചിൽ നടക്കുമ്പോൾ കേരളത്തിൽനിന്നുള്ള 20 പേർ മതിയെന്നാണ് പുതിയ നിർദേശം.അർജുന് വേണ്ടിയുള്ള തെരച്ചിലിൽ കരഭാഗത്തെ പരിശോധന ഇന്ന് പൂർത്തിയാക്കുമെന്ന് എംഎൽഎ സതീഷ് സൈൽ അറിയിച്ചു. നാളെ മുതൽ പുഴയിൽ കൂടുതൽ പരിശോധന നടത്തും. ഡ്രെഡ്ജിംഗ് സാദ്ധ്യതകളും പരിശോധിക്കുന്നുണ്ട്. ഇതിനുള്ള അനുമതി തേടും. പക്ഷേ പാലം, കാലാവസ്ഥ എന്നിവ തടസമാണെന്നും, എൻഡിആർഎഫിൽ നിന്ന് റിട്ടയർ ചെയ്ത വിദഗ്ധൻ നാളെ സ്ഥലത്തെത്തുമെന്നും സതീഷ് സൈൽ പറഞ്ഞു.
കന്യാകുമാരി–പനവേൽ ദേശീയപാത 66ൽ മംഗളൂരു–ഗോവ റൂട്ടിൽ അങ്കോളയ്ക്കു സമീപം ഷിരൂരിലാണ് അർജുൻ ഓടിച്ച ലോറി വൻ മണ്ണിടിച്ചിലിൽ പെട്ടത്. ചൊവ്വാഴ്ച രാവിലെ 8.30ന് ആയിരുന്നു അപകടം.