ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ മോശം പ്രകടനത്തിനു കാരണം സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെ പിന്തുണയില്ലാത്തതാണെന്നും പാർട്ടിയുടെ ന്യൂനപക്ഷ മോർച്ച പിരിച്ചു വിടണമെന്നും മുതിർന്ന ബംഗാൾ ബിജെപി നേതാവ് സുവേന്ദു അധികാരി . അതുപോലെ പാർട്ടിയുടെ ‘സബ്കാ സാത്ത് സബ്കാ വികാസ്’ എന്ന മുദ്രാവാക്യം അവസാനിപ്പിക്കണമെന്നും സുവേന്ദു അധികാരി ആഹ്വാനം ചെയ്തു. ബിജെപിയുടെ സംസ്ഥാന നിർവാഹക സമിതി യോഗത്തിൻ്റെ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അധികാരി. നമ്മുടെ കൂടെയുള്ളവർക്കൊപ്പമാണ് ഞങ്ങൾ എന്ന പുതിയ മുദ്രാവാക്യം പാർട്ടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു . “ഇനി ന്യൂനപക്ഷ മോർച്ചയുടെ ആവശ്യമില്ല.” — സുവേന്ദു പറഞ്ഞു.
മൂന്ന് നിയമസഭാ സീറ്റുകളിലെ ഉപതെരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിൻ്റെ പരാമർശം . മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് മൂന്ന് സീറ്റുകളിലും വിജയിച്ചു. അടുത്തിടെ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 29 സീറ്റുകളാണ് ടിഎംസി നേടിയത്. ബിജെപിക്ക് 12 സീറ്റുകൾ മാത്രമാണ് ലഭിച്ചത്.

എന്നാൽ വിവാദമായതോടെ പിന്നീട് തൻ്റെ പരാമർശത്തിൽ വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തി. “എൻ്റെ പ്രസ്താവന സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി പറയുകയാണ്. ഞങ്ങൾക്കൊപ്പം നിൽക്കാത്തവർ രാജ്യത്തിൻ്റെയും ബംഗാളിൻ്റെയും താൽപ്പര്യത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നു, മമതാ ബാനർജിയെപ്പോലെ. ജനങ്ങളെ ഭൂരിപക്ഷവും ന്യൂനപക്ഷവുമായി വിഭജിക്കുന്നവരെ ഇന്ത്യക്കാരായി കാണരുത്. എന്നാണ് ഉദ്ദേശിച്ചത്.”- സുവേന്ദു പറഞ്ഞു.