ഉത്തർപ്രദേശിലെ കൻവർ തീർത്ഥാടന യാത്രാ റൂട്ടിലെ ഭക്ഷണശാലകളിൽ ഉടമകളുടെ പേരുകൾ പ്രദർശിപ്പിക്കണമെന്ന മുസാഫർനഗർ പോലീസിൻ്റെ ഉത്തരവ് സാമൂഹിക കുറ്റകൃത്യമാണെന്നും ഇക്കാര്യത്തിൽ കോടതികൾ സ്വമേധയാ നടപടിയെടുക്കണമെന്നും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. ഭക്ഷണത്തില്‍ വര്‍ഗീയത കലര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമായുളള ദുഷ്ടലാക്കോടെയുള്ള ഉത്തരവാണിതെന്നാണ് വിമര്‍ശിക്കപ്പെടുന്നത്.
“ഉടമയുടെ പേര് ഗുഡ്ഡു, മുന്ന, ഛോട്ടു അല്ലെങ്കിൽ ഫത്തേ എന്നാണെങ്കിലോ? ഈ പേരുകളിൽ നിന്ന് നിങ്ങൾക്ക് എന്ത് കണ്ടെത്താനാകും?” “ബഹുമാനപ്പെട്ട കോടതി ഈ വിഷയം സ്വമേധയാ സ്വീകരിക്കുകയും സർക്കാരിൻ്റെ ഉദ്ദേശ്യങ്ങൾ അന്വേഷിക്കുകയും ഉചിതമായ ശിക്ഷാ നടപടി സ്വീകരിക്കുകയും വേണം.”– യാദവ് പറഞ്ഞു. സമാധാന അന്തരീക്ഷവും ഐക്യവും തകർക്കാൻ ലക്ഷ്യമിട്ടുള്ള സാമൂഹിക കുറ്റകൃത്യമാണ് ഇത്തരമൊരു ഉത്തരവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശലക്ഷക്കണക്കിന് ശിവഭക്തർ നടത്തുന്ന ഒരു വാർഷിക തീർത്ഥാടനമാണ് കൻവർ യാത്ര. സാധാരണയായി ജൂലൈയിൽ വരുന്ന ഹിന്ദു മാസമായ ശ്രാവണിൻ്റെ ആദ്യ ദിവസത്തിലാണ് കൻവർ യാത്ര ആരംഭിക്കുന്നത്. ഇത്തവണ യാത്ര ജൂലൈ 22 തിങ്കളാഴ്ച ആരംഭിച്ച് 2024 ഓഗസ്റ്റ് 6 ചൊവ്വാഴ്ച അവസാനിക്കും. ഈ ആത്മീയ യാത്രയിൽ ഗംഗാ നദിയിൽ നിന്ന് പുണ്യജലം കൊണ്ടുപോകുന്നതും ശിവക്ഷേത്രങ്ങളിൽ,പ്രത്യേകിച്ച് ജാർഖണ്ഡിലെ ബൈദ്യനാഥിലെ ക്ഷേത്രത്തിലേക്കും ഉത്തരാഖണ്ഡിലെ ഹരിദ്വാറിലേക്കും സമർപ്പിക്കുന്നതും ഉൾപ്പെടുന്നു. കൻവാർ യാത്രയിൽ നിരവധി പ്രമുഖ റൂട്ടുകൾ ഉൾപ്പെടുന്നു, ഹരിദ്വാർ, ഗൗമുഖ്, ഗംഗോത്രി എന്നിവയാണ് യാത്ര തുടങ്ങുന്ന ഇടങ്ങൾ. ഈ സ്ഥലങ്ങളിൽ നിന്ന് ഭക്തർ പവിത്രമായ ഗംഗാജലം ശേഖരിക്കുകയും വിവിധ ശിവക്ഷേത്രങ്ങളിലേക്കുള്ള യാത്ര ആരംഭിക്കുകയും ചെയ്യുന്നു.
വഴിയിലുള്ള ഹോട്ടലുകൾ, ധാബകൾ, വണ്ടികൾ എന്നിവയുൾപ്പെടെ എല്ലാ ഭക്ഷണശാലകളോടും അവയുടെ ഉടമസ്ഥരുടെയോ ഈ കടകളിൽ പ്രവർത്തിക്കുന്നവരുടെയോ പേരുകൾ പ്രദർശിപ്പിക്കാൻ ആവശ്യപ്പെട്ടതായി മുസാഫർനഗർ പോലീസ് മേധാവി അഭിഷേക് സിംഗ് തിങ്കളാഴ്ച പറഞ്ഞിരുന്നു. തീരുമാനത്തിനെതിരെ രാഷ്ട്രീയക്കാരിൽ നിന്നും പൗരസമൂഹത്തിലെ അംഗങ്ങളിൽ നിന്നും പ്രതിഷേധം ഉയർന്നിട്ടുണ്ട്.