നിലവിലെ വിവാദങ്ങളില്‍ എസ്‌എഫ്‌ഐ യ്ക്ക് പാർട്ടിയുടെ പൂർണ്ണ പിന്തുണയുണ്ടെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എസ്‌എഫ്‌ഐയുടെ മുന്നേറ്റത്തെ തടയാൻ ബോധപൂർവ്വമായ ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. സംസ്ഥാനത്തെ ഏതെങ്കിലും ഒരു കോളേജിലെ ചില സംഭവവികാസങ്ങള്‍ കേരളത്തിലാകെയുള്ള സംഘടനാ ശൈലിയായി പർവ്വതീകരിക്കുവാനാണ് ചിലരൊക്കെ ശ്രമിക്കുന്നതെന്നും മാധ്യമങ്ങളുടെ പ്രചാര വേല മാത്രമാണിതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
എസ്‌എഫ്‌ഐ യെ തകർക്കാൻ ചില പത്രങ്ങള്‍ അവരുടെ എഡിറ്റോറിയല്‍ ലേഖനങ്ങള്‍ വരെ ഉപയോഗിക്കുന്നുവെന്നും ഗോവിന്ദൻ ആരോപിച്ചു. എസ്‌എഫ്‌ഐ യുടെ തെറ്റുകളെ ന്യായീകരിക്കുന്നില്ല. എന്നാല്‍ തെറ്റ് തിരുത്തി തന്നെ അവർ മുന്നോട്ടുപോകുമെന്നും എസ്‌എഫ്‌ഐ യെ പിന്തുണച്ചുകൊണ്ട് പാർട്ടി സെക്രട്ടറി വ്യക്തമാക്കി.
നേരത്തെ എസ്‌എഫ്‌ഐ യെ വിമർശിച്ചുകൊണ്ട് എം.വി ഗോവിന്ദനും രംഗത്തുവന്നിരുന്നു. എന്നാല്‍ എസ്‌എഫ്‌ഐ യ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നിയമസഭയില്‍ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാർട്ടി സെക്രട്ടറിയുടേയും നിലപാട് മാറ്റമെന്നതും ശ്രദ്ധേയമാണ്.