പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ നേട്ടം. ഞായറാഴ്ച പാരീസിൽ നടന്ന ഒളിമ്പിക്‌സ് വെങ്കല മെഡൽ ഷൂട്ടിംഗിലൂടെ മനു ഭാക്കർ ചരിത്രമെഴുതി. വനിതകളുടെ 10 മീറ്റർ എയറിൽ മൂന്നാം സ്ഥാനം നേടി ഗെയിംസിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഷൂട്ടർ എന്ന ബഹുമതി ഹരിയാനയിൽ നിന്നുള്ള ഈ 22 കാരി സ്വന്തമാക്കി. ഷൂട്ടിംഗിൽ മെഡലിനായുള്ള 12 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് മനു ഭാക്കർ പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ അക്കൗണ്ട് തുറന്നത്. അഭിനവ് ബിന്ദ്ര, രാജ്യവർധൻ സിംഗ് റാത്തോഡ്, വിജയ് കുമാർ, ഗഗൻ നാരംഗ് എന്നിവർക്ക് ശേഷം ഷൂട്ടിംഗിൽ ഒളിമ്പിക്‌സ് മെഡൽ നേടുന്ന അഞ്ചാമത്തെ ഷൂട്ടറാണ് മനു.നേരിയ പോയന്റ് വ്യത്യാസത്തിലാണ് താരത്തിന് വെള്ളി മെഡൽ നഷ്ടമായത്. ദക്ഷിണ കൊറിയയ്ക്കാണ് ഒന്നും രണ്ടും സ്ഥാനം. കൗമാരകാലത്തുതന്നെ 10 മീറ്റർ എയർ പിസ്റ്റളിൽ മികവ് കാട്ടിയിട്ടുള്ള താരമാണ് ഹരിയാനക്കാരിയായ മനു. ഇന്ത്യയ്ക്ക് വേണ്ടി ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ വനിതയും കൂടിയായത് സവിശേഷതയായി.

ബോക്സർമാർക്കും ഗുസ്തിക്കാർക്കും പേരുകേട്ട ഹരിയാനയിലെ ഝജ്ജറിൽ ജനിച്ച മനു ഭാക്കർ സ്കൂളിൽ ടെന്നീസ്, സ്കേറ്റിംഗ്, ബോക്സിംഗ് തുടങ്ങിയ കായിക ഇനങ്ങളിൽ പങ്കെടുത്തിരുന്നു . ദേശീയ തലത്തിൽ മെഡലുകൾ നേടിയ ‘താങ് ടാ’ എന്ന ആയോധന കലയിലും അവർ പരിശീലനം നേടി. 14 വയസ്സുള്ളപ്പോൾ -2016 റിയോ ഒളിമ്പിക്‌സിനു ശേഷം ഷൂട്ടിംഗിൽ ശ്രദ്ധിക്കാൻ തീരുമാനിച്ചു, അത് ഇഷ്ടപ്പെട്ടു. 2017 ലെ ദേശീയ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ മനു ഭാക്കർ ഒളിമ്പ്യനും മുൻ ലോക ഒന്നാം നമ്പർ താരവുമായ ഹീന സിദ്ധുവിനെ അമ്പരപ്പിച്ചു കൊണ്ട് 9 സ്വർണ്ണ മെഡലുകൾ നേടി. 10 മീറ്റർ എയർ പിസ്റ്റൾ ഫൈനലിൽ സിദ്ദുവിൻ്റെ റെക്കോർഡ് മറികടന്ന് മനു 242.3 എന്ന റെക്കോർഡ് സ്‌കോർ നേടി. 16-ാം വയസ്സിൽ കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണ മെഡൽ നേടി.

2018ലെ യൂത്ത് ഒളിമ്പിക്‌സ് വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ മനു സ്വർണം നേടിയിരുന്നു. മെക്സിക്കോയിലെ ഗ്വാഡലജാരയിൽ നടന്ന 2018 ലെ ഇൻ്റർനാഷണൽ ഷൂട്ടിംഗ് സ്പോർട്സ് ഫെഡറേഷൻ ലോകകപ്പിൽ. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ രണ്ട് തവണ ചാമ്പ്യനായ മെക്സിക്കോയുടെ അലജാന്ദ്ര സവാലയെ പരാജയപ്പെടുത്തിയാണ് സ്വർണം നേടിയത്.
2019 മ്യൂണിച്ച് ഐ.എസ്.എസ്.എഫ്. ലോകകപ്പിൽ നാലാം സ്ഥാനത്തോടെ മനു ഭാക്കർ ഒളിമ്പിക്‌സ് സ്ഥാനവും ഉറപ്പിച്ചു.
ടോക്കിയോ ഒളിമ്പിക്സിന് തൊട്ടുപിന്നാലെ ലിമയിൽ നടന്ന വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ മനു ഭേക്കർ ജൂനിയർ ലോക ചാമ്പ്യനായി, 2022 കെയ്‌റോ ലോക ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 25 മീറ്റർ പിസ്റ്റൾ വെള്ളിയും 2023 ലെ ഹാങ്‌ഷൗവിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഇതേ ഇനത്തിൽ സ്വർണവും നേടി.