എറണാകുളം–ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സ്പെഷൽ സർവീസ് ആരംഭിച്ചു. എറണാകുളം ജങ്ഷൻ എന്ന സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഉച്ചയ്ക്ക് 12.50നാണു ട്രെയിൻ പുറപ്പെട്ടത്. സ്പെഷൽ ട്രെയിൻ ആയതിനാൽ ഫ്ലാഗ് ഓഫ് ചടങ്ങുകൾ ഇല്ലായിരുന്നു. എറണാകുളത്തുനിന്ന് ബെംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിലേക്കും തിരികെയും ആഴ്ചയിൽ മൂന്നു ദിവസം വീതമാണ് സർവീസ്. ഓഗസ്റ്റ് 25 വരെയാണു സ്പെഷൽ സർവീസായി വന്ദേഭാരത് ഓടിക്കുക. എറണാകുളത്തുനിന്നു ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് 12.50 നാണ് ട്രെയിൻ പുറപ്പെടുക. തൃശൂർ, പാലക്കാട്, പോത്തന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, കെ.ആർ.പുരം എന്നിവയാണ് സ്റ്റോപ്പുകൾ . കന്റോൺമെന്റ് ആണ് അവസാന സ്റ്റേഷൻ. രാത്രി 10-ന് ബെംഗളൂരു കന്റോൺമെന്റിൽ എത്തും.
ചെയർ കാർ നിരക്ക് 1465 രൂപയും എക്സിക്യൂട്ടീവ് ചെയർ കാർ നിരക്ക് 2945 രൂപയുമാണ്. ബെംഗളൂരു കന്റോൺമെന്റ് എത്തുന്നതിനു മുമ്പായി നഗരത്തിൽ തന്നെയുള്ള കെ.ആർ.പുരം സ്റ്റേഷനിൽ പുതുതായി സ്റ്റോപ് അനുവദിച്ചിട്ടുണ്ട്. രാത്രി 9-ന് കെ.ആർ.പുരത്ത് എത്തും.
ബെംഗളൂരുവിൽനിന്ന് തിരികെയുള്ള സർവീസ് ആഗസ്റ്റ് 1 മുതൽ 26 വരെയാണു നിശ്ചയിച്ചിട്ടുള്ളത്. വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിലാകും സർവീസ്. ബെംഗളൂരുവിൽനിന്നു രാവിലെ 5.30നു തിരിച്ച് ഉച്ചയ്ക്കു 2.20നാണ് എറണാകുളത്ത് എത്തുന്നത്.