പലസ്തീൻ പതാക വീശിയതിന് ബിഹാറിലും മറ്റിടങ്ങളിലും രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്ന് സിപിഐ (എംഎൽ) ജനറൽ സെക്രട്ടറി ദിപങ്കർ ഭട്ടാചാര്യ വ്യാഴാഴ്ച ആവശ്യപ്പെട്ടു.
റിലയൻസ് ഗ്രൂപ്പ് മേധാവി മുകേഷ് അംബാനിയുടെ മകൻ്റെ വിവാഹത്തിന് ആർജെഡി പ്രസിഡൻ്റ് ലാലു പ്രസാദിനെപ്പോലുള്ള ഇന്ത്യസഖ്യ പങ്കാളികൾ പങ്കെടുക്കുന്നതിനെ താൻ അംഗീകരിക്കുന്നില്ലെന്നും ദീപാങ്കർ പാറ്റ്നയിൽ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി ബിഹാറിൽ ഉണ്ടായിരുന്ന ഇടതു പക്ഷ സഖ്യത്തിലെ പാർട്ടി ആണ് സിപിഐ (എംഎൽ).

“ബീഹാറിലും രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിലും പലസ്തീൻ പതാക വീശിയവർക്കെതിരെ ചുമത്തിയ എല്ലാ കേസുകളും പിൻവലിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. ഇന്ത്യ പലസ്തീനെ അംഗീകരിക്കുന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലും ഇതേ നയം തുടരുന്നു. അതിനാൽ ഒരു തെറ്റും ആരോപിക്കാനാവില്ല.”–ഭട്ടാചാര്യ പറഞ്ഞു.
ബുധനാഴ്ച മുഹറം ഘോഷയാത്രകൾ ഉൾപ്പെടെ കഴിഞ്ഞ ദിവസങ്ങളിൽ ബീഹാറിൽ പലസ്തീൻ പതാക വീശിയതിന് നിരവധി പേരെ കസ്റ്റഡിയിലെടുത്തിരുന്നു . തൊട്ടടുത്തുള്ള ജാർഖണ്ഡിൽ, മുഹറം ഘോഷയാത്രകളിൽ പലസ്തീൻ പതാകകൾ ഉപയോഗിച്ചത് ബിജെപിയുടെയും വിശ്വഹിന്ദു പരിഷത്തിൻ്റെയും രോഷത്തിന് ഇടയാക്കിയിരുന്നു. ഇതേത്തുടർന്ന് ഒരാളെ അറസ്റ്റ് ചെയ്യുകയും മറ്റൊരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
“ഇസ്രായേലിൻ്റെ സൈനിക നടപടിയിൽ രണ്ട് ലക്ഷത്തോളം ജീവനുകൾ നഷ്ടപ്പെട്ട ഗാസയിലെ ജനങ്ങളോടുള്ള ഐക്യദാർഢ്യത്തിൻ്റെ അടയാളമായിട്ടാണ് പലസ്തീൻ പതാകകൾ വീശുന്നത് . പലസ്തീനെ പിന്തുണയ്ക്കുന്നതിൽ നിന്ന് ഇന്ത്യ ഒരിക്കലും പിന്മാറിയിട്ടില്ല. ന്യൂഡൽഹിയിൽ പ ലസ്തീൻ എംബസി നിലനിൽക്കുന്നതിൻ്റെ കാരണം ഇതല്ലേ .”– സിപിഐ (എംഎൽ) നേതാവ് ചോദിച്ചു.
കഴിഞ്ഞയാഴ്ച മുംബൈയിൽ നടന്ന അനന്ത് അംബാനിയുടെ വിവാഹത്തിൽ പങ്കെടുത്തതിന് ലാലു പ്രസാദിനെയും അദ്ദേഹത്തിൻ്റെ മകൻ തേജസ്വി യാദവിനെയും ദീപാങ്കർ വിമർശിച്ചു. “ഞങ്ങളുടെ കാഴ്ചപ്പാടിൽ, അവർ അവിടെ പോകുന്നത് ഒഴിവാക്കണമായിരുന്നു. ഞങ്ങൾ ചങ്ങാത്ത മുതലാളിത്തത്തെ എതിർക്കുന്നു. ഞങ്ങളുടെ രാഷ്ട്രീയ പരിപാടി ആ ലൈനിലാണ്. ബിസിനസ്സ് മുതലാളിമാരുമായി തോളിൽ തട്ടുന്നത് ഞങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ല.”– ഭട്ടാചാര്യ പറഞ്ഞു.