തിരുവമ്പാടിയിൽ വീട്ടിൽ വിച്ഛേദിച്ച വൈദ്യുതി കണക്ഷൻ രാത്രി പുനഃസ്ഥാപിച്ചു . കെ.എസ്.ഇ.ബി ഓഫീസില്‍ അക്രമം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന പ്രതി അജ്മലിന്റെ പിതാവ് റസാഖും വീട്ടുകാരുമായും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുമായും താമരശേരി തഹസീൽദാർ നടത്തിയ ചർച്ചയ്ക്കൊടുവിലാണ് വൈദ്യുതി പുനഃസ്ഥാപിക്കാൻ തീരുമാനമായത്. തുടര്‍ന്ന് രാത്രി എട്ടു മണി കഴിഞ്ഞ് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരെത്തി കണക്ഷന്‍ പുനസ്ഥാപിക്കുകയായിരുന്നു.
സംഭവം വിവാദമായതിന് പിന്നാലെ സർക്കാർ നിർദ്ദേശ പ്രകാരം കളക്ടർ ഇടപെട്ട് വിഷയം ചർച്ച ചെയ്യാൻ തഹസീൽദാരെ ചുമതലപ്പെടുത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തഹസീൽദാർ ഇരുപക്ഷവുമായും ചർച്ച നടത്തിയത്.
വീട്ടുകാരില്‍ നിന്നും ഒരു സത്യവാങ്മൂലം എഴുതി വാങ്ങാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും വീട്ടുകാര്‍ അതിന് തയ്യാറായില്ല. റസാക്കിന്റെ മക്കള്‍ കെ.എസ്.ഇ.ബി. ജീവനക്കാരെ ആക്രമിച്ചതില്‍ ഖേദ പ്രകടനം എന്ന നിലയിലുള്ള സത്യവാങ്മൂലമാണ് എഴുതി വാങ്ങാന്‍ ശ്രമം നടന്നത്. അതിന് വീട്ടുകാര്‍ വഴങ്ങിയില്ല. അതോടെ ഉദ്യോഗസ്ഥര്‍ തിരിച്ചു പോയി. ഇതിനു ശേഷം വൈദ്യുതി വകുപ്പ് ജീവനക്കാര്‍ എത്തി കണക്ഷന്‍ പുനസ്ഥാപിക്കുകയായിരുന്നു.