രാജ്യത്തെ 46 കേന്ദ്രസര്‍വ്വകലാശാലകളിലേക്കുള്ള ബിരുദ പ്രവേശത്തിനായി
നാഷണൽ ടെസ്റ്റിംഗ് ഏജൻസി മെയ് മാസത്തിൽ നടത്തിയ CUET UG 2024 പരീക്ഷയുടെ ഉത്തരസൂചിക പുറത്തിറക്കി. പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികൾക്ക് exams.nta.ac.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് ഉത്തരസൂചിക പരിശോധിക്കാവുന്നതാണ്. ഫലം പുറത്തുവിട്ടിട്ടില്ല. ജൂലൈ 7 മുതൽ 9 വരെ ഉത്തരസൂചികയിൽ ആക്ഷേപങ്ങൾ രേഖപ്പെടുത്താം.
മെയ് 15 മുതൽ മെയ് 29 വരെ രാജ്യത്തുടനീളം ഇത്തവണ ആദ്യമായി ഹൈബ്രിഡ് മോഡിലാണ് പരീക്ഷ നടത്തിയത്. ഇത്തവണ പരീക്ഷയിൽ കഴിഞ്ഞ വർഷത്തെപ്പോലെ 10 വിഷയങ്ങൾക്ക് പകരം 6 ഐച്ഛിക വിഷയങ്ങൾ മാത്രം തിരഞ്ഞെടുക്കാനായിരുന്നു ഉദ്യോഗാർഥികൾക്ക് അവസരം.

രാജ്യത്തെ 379 നഗരങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. 13.48 ലക്ഷം പേർ പരീക്ഷയെഴുതി. ഫലം പുറത്തുവന്നതിന് ശേഷം ഇനി ഈ സർവകലാശാലകളിൽ യുജി കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിക്കും. ഇത്തവണ നിരവധി സംസ്ഥാന സർവകലാശാലകളും സിയുഇടി യുജിയിൽ ചേർന്നു. ഉദ്യോഗാർത്ഥികൾക്ക് അവരുടെ സ്‌കോർകാർഡിൻ്റെ അടിസ്ഥാനത്തിൽ അവർക്ക് ഇഷ്ടമുള്ള കോളേജിൽ പ്രവേശനം നേടാനാകും.